നിർമ്മാണ മേഖലയുടെ രക്ഷ തേടി കരാറുകാർ മന്ത്രിയ്ക്കു മുന്നിൽ

Tuesday 08 June 2021 12:29 AM IST
കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം സമർപ്പിക്കുന്നു

കോഴിക്കോട്: നിർമ്മാണ മേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ കണ്ടു ആവലാതികൾ നിരത്തി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സി.മമ്മദ് കോയയുടെ നേതൃത്വത്തിലായിരുന്നു മന്ത്രിയുമായുള്ള ചർച്ച.

പൊതുമരാമത്ത് വകുപ്പിൽ പുതുക്കിയ ഡി.എസ്.ആർ പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടതുണ്ടെന്ന് സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി. ടാർ അടക്കമുള്ള നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കണം. ക്വാറി ഉത്പന്നങ്ങളുടെ വിലക്കയറ്റം തടഞ്ഞ് ആവശ്യത്തിന് ലഭ്യത ഉറപ്പാക്കുകയും വേണം.

പുഴകളിൽ നിന്നും ഡാമുകളിൽ നിന്നും കൂടുതൽ മണൽ ശേഖരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ലഭ്യമാക്കുക, കൊവിഡ് പശ്ചാത്തലത്തിൽ പൂർത്തീകരിക്കാൻ സാധിക്കാത്ത പ്രവൃത്തികളുടെ കാലാവധി നീട്ടി നൽകുക, കരാറുകാരുടെ ലാഭവിഹിതം ഉയർത്തുക, പ്രവൃത്തികളുടെ പൂർത്തീകരണത്തിന് എസ്റ്റിമേറ്റിൽ മാറ്റം വരുമ്പോൾ നേരത്തെ ക്വാട്ട് ചെയ്ത നിരക്ക് ലഭ്യമാക്കുക, ചെറുകിട ഇലക്ട്രിക്കൽ പ്രവൃത്തികൾ കോമ്പസിറ്റ് ടെൻഡർ സംവിധാനത്തിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും കരാറുകാർ മന്ത്രിയുടെ മുമ്പാകെ വെച്ചു. ആവശ്യങ്ങൾ അനുഭാവത്തോടെ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് കെ.ജെ. വർഗീസ്, ജനറൽ സെക്രട്ടറി പി.വി. കൃഷ്ണൻ, പി.ബി. ദിനേഷ് കുമാർ, പി. മോഹൻദാസ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement