പൊപ്ളാനിക്കിന്റെ പരാതി : ബ്ളാസ്റ്റേഴ്സിന് ട്രാൻസ്ഫർ വിലക്ക്

Tuesday 08 June 2021 11:35 PM IST

ന്യൂഡൽഹി :കരാർ പ്രകാരമുള്ള വേതനം ലഭിച്ചില്ലെന്ന മുൻ താരം പൊപ്ലാനികിന്റെ പരാതിയെത്തുടർന്ന് ഐ.എസ്.എൽ ക്ളബ് കേരള ബ്ലാസ്റ്റേഴ്സിന് ഫിഫയുടെ ട്രാൻസ്‌ഫർ വിലക്ക്. സ്ലൊവേനിയൻ താരമായ പൊപ്ലാനിക് നിലവിൽ കളിക്കുന്ന സ്കോട്ടിഷ് ക്ലബ്ബ് ലിവിസ്റ്റൺ എഫ്.സി വഴിയാണ് ബ്ലാസ്റ്റേഴ്സിനെതിരേ പരാതി നൽകിയത്. ഐ.എസ്.എല്ലിലെ മറ്റൊരു ക്ലബ്ബ് ഈസ്റ്റ് ബംഗാളിനും ട്രാൻസ്‌ഫർ വിലക്കുണ്ട്.

വിലക്ക് തീരുന്നതുവരെ പുതിയ താരങ്ങളുമായി കരാറിലേർപ്പെടാൻ ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ് ബംഗാളിനും കഴിയില്ല. പുതിയ സീസണിനായി സെർബിയയിൽ നിന്ന് പുതിയ പരിശീലകൻ ഇവാൻ വ്യൂക്കോമാനോവിച്ചിനെ ടീമിലെത്തിച്ച് മികച്ച ടീമിനെ വാർത്തെടുക്കാനുള്ള ഒരുക്കത്തിലായിരുന്ന ബ്ലാസ്റ്റേഴ്സ് ഈ വിലക്ക് തിരിച്ചടിയാണ്.

2018-20 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയണിഞ്ഞ പൊപ്ലാനികിന് ക്ലബ്ബ് ഇതുവരെ കരാറിൽ പറഞ്ഞ തുക മുഴുവനും കൊടുത്തിട്ടില്ലെന്നാണ് പരാതി.കോസ്റ്ററിക്കൻ താരമായ ജോണി അകോസ്റ്റയുടെ വേതനം നൽകാത്തതാണ് ഈസ്റ്റ് ബംഗാളിനെ വിലക്കാൻ കാരണം. ഇരുവരുടേയും വേതനം നൽകി പ്രശ്നം പരിഹരിച്ചാൽ ഫിഫ ട്രാൻസ്‌ഫർ വിലക്ക് പിൻവലിക്കും.ഇതിന് ആവശ്യമായ നിയമനടപടികൾ ഉടൻ ആരംഭിക്കുമെന്ന് ബ്ളാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement