മുല്ലപ്പള്ളി ഒഴിയുന്നത് പാർട്ടി ഖജനാവ് ഭദ്രമാക്കി അവസാനനിമിഷത്തിൽ ജീവനക്കാർക്ക് ശമ്പളവും കൂട്ടി

Wednesday 09 June 2021 1:31 AM IST

തിരുവനന്തപുരം: കെ.പി.സി.സിയുടെ ഖജനാവ് ഭദ്രമാക്കിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പടിയിറക്കം. രണ്ടരക്കോടിയിലേറെ രൂപ കെ.പി.സി.സിയുടെ ഖജനാവിൽ അവശേഷിപ്പിച്ചാണ് അദ്ദേഹം മടങ്ങുന്നത്. കെ.പി.സി.സി ആസ്ഥാനത്തെ ജീവനക്കാർക്ക് ആയിരം രൂപ വീതം ശമ്പളത്തിൽ വർദ്ധനയും മുല്ലപ്പള്ളി വരുത്തി. കൊവിഡ് കാലത്ത് ഇന്ദിരാഭവനിലെത്തി കർമ്മനിരതരായ ജീവനക്കാർക്ക് 2000 രൂപ പ്രത്യേക അലവൻസും അദ്ദേഹം അനുവദിച്ചിരുന്നു.

എ.ഐ.സി.സിയിൽ നിന്ന് ലഭിച്ച സഹായമോ വൻകിട മുതലാളിമാരിൽ നിന്ന് പിരിച്ചെടുത്തതോ അല്ല കെ.പി.സി.സിയുടെ ഫണ്ട്. മറിച്ച് പ്രസിഡന്റായിരിക്കെ മുല്ലപ്പള്ളി നടത്തിയ ജനമഹായാത്രയിലൂടെ പ്രവർത്തകരിൽ നിന്ന് സ്വരൂപിച്ച തുകയാണ്. ആരുടെയും മുന്നിൽ കൈ നീട്ടേണ്ടി വന്നിട്ടില്ലെന്നതിൽ അഭിമാനമുണ്ടെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

പാർട്ടിക്കായി രാപ്പകൽ അദ്ധ്വാനിച്ച പ്രവർത്തകരോടാണ് തന്റെ കടപ്പാടെന്ന് ഇന്നലെ ഇന്ദിരാഭവനിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ മുല്ലപ്പള്ളി പറഞ്ഞു. സുധാകരനെ രാഹുൽഗാന്ധി ടെലിഫോണിൽ വിവരമറിയിച്ചുവെന്ന വാർത്തകൾ വന്നതിന് പിന്നാലെ മുല്ലപ്പള്ളി സുധാകരനെ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നു. മുല്ലപ്പള്ളി ഇറങ്ങുമ്പോൾ അദ്ദേഹത്തോടൊപ്പം പുതിയ വർക്കിംഗ് പ്രസിഡന്റായെത്തിയ ടി. സിദ്ദിഖും കെ.പി.സി.സി സെക്രട്ടറിമാരായ ജോൺ വിനേഷ്യസും കെ.ബി. ശശികുമാറും ഉണ്ടായിരുന്നു.

Advertisement
Advertisement