കെ.എസ്.ആർ.ടി.സി : 100 കോടിയുടെ ക്രമക്കേട് വിജിലൻസ് പ്രത്യേക സംഘം അന്വേഷിക്കും

Thursday 10 June 2021 1:26 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നടന്ന 100.75 കോടിയുടെ ക്രമക്കേട് വിജിലൻസ് ദക്ഷിണ മേഖലാ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

വിജിലൻസ് അന്വേഷണത്തിന് കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോ‌ർഡ‌് നേരത്തെ തീരുമാനിച്ചിരുന്നു. ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചിട്ടും മാനേജ്മെന്റ് തുടർ നടപടികളിലേക്ക് കടക്കാതിരുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്,വകുപ്പ് മന്ത്രി ആന്റണി രാജു ഇടപെട്ടാണ് ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറിയത്.

ഫണ്ട് മാനേജ്‌മെന്റിലെ ഗുരുതരമായ ക്രമക്കേട് 2010 മുതലാണെന്ന്

പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . അക്കൗണ്ട്സ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് വീഴ്ചയുള്ളതായാണ് ഓഡിറ്റ് റിപ്പോർട്ട്. യു.ഡി.എഫ് ഭരണകാലത്ത്, 2013 വരെയുള്ള കണക്കുകളിലാണ് ക്രമക്കേട്. കെ.എസ്.ആർ.ടി.സി ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കാതെ ഉദ്യോഗസ്ഥർ ആശയക്കുഴപ്പം സൃഷ്ടിച്ചതായി ധനകാര്യ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിരുന്നു. കാരണക്കാരായ ഉദ്യോഗസ്ഥരിലൊരാൾ ഇപ്പോഴും സർവീസിലുണ്ട്. ഒരാൾ വിരമിച്ചു. മറ്റ് രണ്ട് പേർ മറ്റ് വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയവരാണ്.

ഇഴഞ്ഞിഴഞ്ഞ് വിജിലൻസിലേക്ക്

  • 2020 :വായ്പയിൽ 350 കോടി തിരിച്ചടച്ചില്ലെന്ന് കെ.ടി.ഡി.എഫ്.സിയുടെ പരാതി
  • അഡി.സെക്രട്ടറി എസ്. അനിൽകുമാറിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത് 100 കോടിയുടെ ക്രമക്കേട്
  • 2021 ജനുവരി 16 :100 കോടിയുടെ ക്രമക്കേട് നടന്നതായി സി.എം.ഡി ബിജു പ്രഭാകർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി എക്സിക്യുട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിനെ സെൻട്രൽ സോണിലേക്ക് സ്ഥലം മാറ്റി. ക്രമക്കേട് നടന്നപ്പോൾ തനിക്ക് അക്കൗണ്ടിംഗ് വിഭാഗത്തിന്റെ ചുമതലയില്ലായിരുന്നുവെന്ന് ശ്രീകുമാറിന്റെ വിശദീകരണം
  • ജനുവരി 21 :അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരൻ ജൂഡ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചു
  • ഫെബ്രുവരി 15: അന്വേഷണം വിജിലൻസിന് കൈമാറാൻ ഗതാഗതവകുപ്പിന് താത്പര്യമില്ലെന്ന് കേരളകൗമുദി വാർത്ത
  • ഏപ്രിൽ 27:അന്വേഷണം വിജിലൻസിന് കൈമാറാൻ ഡയറക്ടർ ബോർഡ് തീരുമാനം
  • ജൂൺ 9:​​​​​​​ വിജിലൻസ് അന്വേഷണത്തിന് മുഖമന്ത്രിയുടെ നിർദേശം

Advertisement
Advertisement