ആശുപത്രികളുടെ വികസനം: എം.എൽ.എ ഫണ്ടിൽ നിന്ന് നാല് കോടി വീതം മാറ്റും

Thursday 10 June 2021 3:01 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ വികസനത്തിന് എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടായ അഞ്ച് കോടിയിൽ നിന്ന് നാല് കോടി രൂപ വീതമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

കമ്യൂണിറ്റി ഹെൽത്ത് സെന്റർ, താലൂക്ക്, ജില്ലാ,ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ പകർച്ച വ്യാധികൾക്കായി പത്ത് കിടക്കകൾ വീതമുള്ള ഐസോലേഷൻ വാർഡുകൾ സ്ഥാപിക്കാനാണിത് .ഒരു കേന്ദ്രത്തിന് മൂന്ന് കോടി വേണ്ടിവരുമെന്നാണ് ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നത്. 636.5 കോടി രൂപയാണ് മൊത്തം ചെലവ്. എം.എൽ.എ ഫണ്ട് നൽകുന്നത് സംബന്ധിച്ച് പ്രതിപക്ഷവുമായി ധാരണയായിരുന്നെങ്കിലും എത്ര രൂപയെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. മൂന്നു കോടിയേ എടുക്കാവൂ എന്ന് പ്രതിപക്ഷത്തെ പി.കെ.ബഷീർ ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ ഇനി ചർച്ച വേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എം.എൽ.എമാർക്ക് പ്രതിവർഷം അഞ്ച് കോടിയുടെ ആസ്തി വികസന ഫണ്ടിന് പുറമെ, ഒരു കോടിയുടെ പ്രാദേശിക വികസന ഫണ്ടുമുണ്ട്.

Advertisement
Advertisement