സർവീസ് സെന്ററുകളുടെ നിയന്ത്രണത്തിൽ വലഞ്ഞ് വിദ്യാർത്ഥികൾ: പഠനം കുളമാക്കല്ലേ

Thursday 10 June 2021 3:06 AM IST

കൊച്ചി: മൊബൈൽ, കമ്പ്യൂട്ടർ സർവീസ് സെന്ററുകളുടെ പ്രവർത്തനം രണ്ടു ദിവസമായി നിജപ്പെടുത്തിയതോടെ വിദ്യാർത്ഥികൾ ദുരിതത്തിൽ. ഓൺലൈൻ ക്ലാസുകൾ പുരോഗമിക്കെ കേടായ മൊബൈൽ ഫോണോ ടാബോ നന്നാക്കാൻ ഒരു നിവൃത്തിയുമില്ല. ചാർജർ, ഹെഡ് സെറ്റ് പോലുള്ളവയും ലഭ്യമല്ല. ചൊവ്വ, ശനി ദിവസങ്ങളിൽ മാത്രമാണ് സർവീസ് സെന്ററുകൾ പ്രവർത്തിക്കുക. ഈ ദിവസങ്ങളിൽ തിരക്കോട് തിരക്കാണ്.
ട്രയൽ ക്ലാസുകളാണ് നടക്കുന്നതെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും മിക്ക സ്‌കൂളുകളിലും ക്ലാസുകൾ തുടങ്ങി. കഴിഞ്ഞ വർഷത്തെ ഉപയോഗം മൂലം പലരുടേയും മൊബൈലുകൾ, ടാബുകൾ എന്നിവ പലതും തകരാറായിട്ടുണ്ട്. ഇക്കുറി ഓൺലൈൻ ക്ലാസുകളാക്കിയതോടെ പഴയവ നന്നാക്കി ഉപയോഗിക്കാനുള്ള ആശ്വാസത്തിലായിരുന്നു രക്ഷിതാക്കൾ. എന്നാൽ ലോക്ക്ഡൗൺ നേരത്തേ ആരംഭിച്ചു. അതോടെ പലർക്കും ഇവ സർവീസ് നടത്താനുള്ള കാലതാമസം ലഭിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് സെന്ററുകൾക്ക് മുമ്പിൽ നീണ്ട നിരയായിരുന്നു. സെന്ററുകൾ തുറന്ന ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ പലയിടങ്ങളിലും പൊലീസ് ഇടപെടേണ്ടി വന്നു. നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാൽ ഒരാഴ്ച്ചയ്ക്കിടെ ഒരു ദിവസം പോലും സർവീസ് സെന്ററുകൾ തുറന്നിട്ടില്ല. അതുകൊണ്ടു തന്നെ അടുത്ത ശനിയാഴ്ച് തിരക്ക് നിയന്ത്രണതീതമാവാനാണ് സാദ്ധ്യത.

സ്‌പെയർ പാർട്ടുകൾ ലഭ്യമല്ല

ഇലക്ട്രോണിക് ഉപകരണങ്ങളുടെ സ്‌പെയർ പാർട്ടുകൾ ലഭ്യമല്ലാത്ത സ്ഥിതിയാണ്. ചാർജ്ജറുകൾ, ഹെഡ് ഫോണുകൾ, ഡിസ്‌പ്ലേകൾ, സ്‌ക്രീൻ കാർഡുകൾ, ബോർഡുകൾ എന്നിവയ്ക്കും കടുത്ത ക്ഷാമമാണ്. കേടായ മൊബൈൽഫോൺ നന്നാക്കാനായി നിരവധി ഫോൺകോളുകളാണ് ദിവസവും എത്തുന്നതെന്ന് റിപ്പയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.


സ്‌പെയർ പാർട്‌സ് കടകൾ തുറക്കണം:

സ്‌പെയർ പാട്‌സുകൾ ലഭ്യമായാൽ വീട്ടിലിരുന്ന് സർവീസ് നടത്താനാകും. വിദ്യാർത്ഥികൾ കൂടുതൽ എത്തുന്നതിനാൽ കടകളിൽ തിരക്കാണ്. ആഴ്ച്ചയിൽ മൂന്നു ദിവസമെങ്കിലും സെന്ററുകൾ തുറന്നാൽ മാത്രമേ തിരക്ക് നിയന്ത്രിക്കാനാവൂ. റിപ്പയർ നടത്തി അന്നന്ന് തന്നെ മൊബൈലുകളും ടാബുകളും നൽകാൻ ശ്രമിക്കുന്നതിനാൽ ജോലി ഭാരം ഇരട്ടിയാണ്. കമ്പ്യൂട്ടറുകളുടെ സർവീസുകളും മുടങ്ങിയിട്ടുണ്ട്.

ആദർശ്
മൊബൈൽ ടെക്‌നീഷ്യൻ

Advertisement
Advertisement