വാറ്റ് ആംനസ്റ്റി : തീയതി നീട്ടി,​ വാഹന നികുതിക്ക് സാവകാശം ആഗസ്റ്റ് 31 വരെ

Thursday 10 June 2021 12:07 AM IST

തിരുവനന്തപുരം: വാറ്റ് നികുതിയുടെ ആംനസ്റ്രി സ്കീമിലേക്ക് ഓപ്ഷൻ നൽകുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 31ൽ നിന്ന് നവംബർ 30 വരെ നീട്ടിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ബഡ്ജറ്റ് ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ബാ‌റുകളുടെ വിറ്രുവരവ് നികുതി അടയ്ക്കുന്നതിൽ ഓപ്ഷൻ നൽകാനുള്ള തീയതി ജൂലായ് 31ൽ നിന്ന് ഒക്ടോബർ 31ലേക്കും നീട്ടി. ഓട്ടോറിക്ഷ, കാർ,ബസ് എന്നിവയുടെ വാഹന നികുതി അടയ്ക്കാൻ ആഗസ്റ്റ് 31 വരെ സാവകാശം നൽകി.

ബഡ്ജറ്റിന്റെ സാങ്കേതികത്വത്തിൽ പിടിച്ചു തൂങ്ങുന്ന പ്രതിപക്ഷ നിലപാടിനോട് ധനമന്ത്രി യോജിച്ചില്ല. കൊവിഡിനെ തുടർന്ന് യു.പി, മഹാരാഷ്ട്ര, ബിഹാർ തുടങ്ങി നിരവധി സംസ്ഥാനങ്ങളുടെ കടവും വർദ്ധിച്ചിട്ടുണ്ട്. വാക്സിൻ നയത്തിൽ മാറ്റം വരുത്തി രാജ്യം മുഴുവൻ സൗജന്യ വാക്സിൻ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ കേരള നിയമസഭയുടെ പ്രമേയവും സ്വാധീനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. പണം ജനങ്ങളുടെ കൈകളിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വാക്സിനും ഉപകരണങ്ങൾക്കുമുള്ള 1500 കോടി ഉൾപ്പെടെ 2800 കോടിയാണ് ആരോഗ്യമേഖലയിൽ പുതുക്കിയ ബഡ്ജറ്രിൽ ചെലവഴിക്കാൻ ലക്ഷ്യമിട്ടത്. ഇതിൽ 540 കോടി എം.എൽ.എ ഫണ്ടിൽ നിന്നും 559 കോടി രൂപ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കായുള്ള കേന്ദ്രഫണ്ടിൽ നിന്നും ലഭിക്കും.

 പണം വരുന്ന വഴി

കിറ്റ് - 1,140 കോടി

ക്ഷേമപെൻഷൻ - 110 കോടി

കരാറുകാർ- 1,100 കോടി

പ്രാഥമിക സഹകരണ സംഘങ്ങൾ - 2,000 കോടി

തൊഴിലുറപ്പ് കൂലി

 ടൂറിസം സർക്യൂട്ടിൽ പുതുതായി ചില സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കും.

 കശുവണ്ടി, കയർ തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളെ രക്ഷിക്കാൻ നടപടി സ്വീകരിക്കും.

 മരച്ചീനിയിൽ നിന്ന് വ്യാവസായിക സ്പിരിട്ട് ഉണ്ടാക്കാൻ കഴിയുമോ എന്ന് പരിശോധിക്കും

Advertisement
Advertisement