മടി കൂടാതെ മഴയെത്തി, നിവർന്നില്ല കുട വിപണി

Thursday 10 June 2021 12:02 AM IST

കോഴിക്കോട്: നേരം തെറ്റാതെ മഴയെത്തിയിട്ടും നിവരാനാവാതെ കുട വിപണി. ലോക്ക് ഡൗൺ ഇളവുകൾ ലഭിക്കാതായതോടെ കുട നിർമ്മാതാക്കളും കുടിൽ വ്യവസായമായി ഈ മേഖലയിൽ ഉപജീവനം തേടുന്ന നൂറുകണക്കിന് ആളുകളും പ്രതിസന്ധിയിലാണ്.

മേയ്,​ ജൂൺ മാസങ്ങളിലാണ് കുട വിപണി സജീവമാകുന്നത്. എന്നാൽ കൊവിഡ് വ്യാപനവും അഴിയാത്ത ലോക്ക് ഡൗണും കച്ചവടം ഇല്ലാതാക്കി. സ്കൂൾ തുറക്കുമ്പോഴാണ് പൊതുവെ കച്ചവടം ഉണ്ടാവുക. പഠനം ഓൺലൈനിലായതോടെ ആ പ്രതീക്ഷയും പോയി.

ആദ്യ ലോക്ക് ഡൗണിൽ കുട നിർമാണ വസ്തുക്കളുടെ ക്ഷാമം രൂക്ഷമായിരുന്നു. അതിനാൽ സീസൺ മുന്നിൽകണ്ട് ഇത്തവണ ഫാക്ടറികളെല്ലാം സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നു. ഓരോ വർഷവും പുത്തൻ ആശയങ്ങൾ അവതരിപ്പിച്ചാണ് കമ്പനികൾ വിപണി കീഴടക്കിയിരുന്നത്. എന്നാൽ കൊവിഡിന്റെ വരവിനു ശേഷം ഈ മാറ്റങ്ങളൊന്നും കുടയിൽ കൊണ്ടുവന്നിരുന്നില്ല.
വീൽച്ചെയറിലും മറ്റുമായി ജീവിതം തള്ളി നീക്കുന്ന ഭിന്നശേഷിക്കാരുടെ പ്രധാന വരുമാനം കുട നിർമ്മാണമായിരുന്നു. കമ്പിയിൽ തുണി തുന്നിച്ചേർക്കുക, പിടി ഘടിപ്പിക്കുക, ക്യാപ്പിടുക തുടങ്ങി മെഷീൻ ആവശ്യമില്ലാത്ത ജോലികളായിരുന്നു ഇവർ ചെയ്തിരുന്നത്. വിപണി അടഞ്ഞതോടെ ഇവരുടെ വരുമാനവും മുടങ്ങി. 2 ഫോൾഡ്, 3 ഫോൾഡ്, കുട്ടി കുട, കാലൻ കുട തുടങ്ങി പ്രാദേശികമായി നിർമ്മിക്കുന്നവ പാലിയേറ്റീവ് കെയർ, സന്നദ്ധ സംഘടനകൾ, സ്കൂൾ എന്നിവ വഴിയായിരുന്നു വില്പന. അടച്ചിടലിൽ എല്ലാ സാധ്യതകളും ഇല്ലാതാക്കി.

ലോക്ക് ഡൗണിൽ ഇളവ് വരുന്നതോടെ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ മഴയിൽ കച്ചവടം തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് മേഖലയിലുള്ളവരുടെ പ്രതീക്ഷ.

Advertisement
Advertisement