റെ​യി​ൽ​വേ​ ​ച​‌​ര​ക്കു​കൂ​ലി അടവ് പൂർണമായും ഓ​ൺ​ലൈ​നി​ലേ​ക്ക്

Thursday 10 June 2021 1:28 AM IST

കോഴിക്കോട്: റെയിൽവേയിൽ ചരക്കുകൂലി അടവ് പൂർണമായും ഓൺലൈനിലേക്ക് മാറുന്നു. ഇതു സംബന്ധിച്ച് എസ്.ബി.ഐയുമായി റെയിൽവേ മന്ത്രാലയം ധാരണാപത്രം ഒപ്പ് വച്ചതിനു പിറകെ പശ്ചിമ റെയിൽവേയിലെ അലഹബാദ് ഡിവിഷനിൽ ഓൺലൈൻ സംവിധാനം നടപ്പിലാക്കിക്കഴിഞ്ഞു.

രാജ്യം മുഴുവൻ ഈ രീതി വരുന്നതോടെ കാര്യങ്ങൾ വേഗത്തിലാവുന്നതിനൊപ്പം ചരക്കുകൂലിയുടെ മറവിലുള്ള ഉദ്യോഗസ്ഥരുടെ തട്ടിപ്പ് തീർത്തും തടയാനാവുമെന്നു കൂടി വിലയിരുത്തുന്നു. വ്യാപാര - വ്യവസായ സ്ഥാപനങ്ങൾക്കു നേരിടേണ്ടിവരുന്ന കാലതാമസത്തിന്റേതുൾപ്പെടെയുള്ള പൊല്ലാപ്പുകളും നീങ്ങിക്കിട്ടും.

രാജ്യത്തെ ചരക്കുകടത്തിന്റെ 27 ശതമാനമാണ് ഇപ്പോൾ റെയിൽവേയുടെ വിഹിതം. 2030 എത്തുമ്പോഴേക്ക് ഇത് 45 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. അതിനായി ചരക്കുകടത്ത് സങ്കീർണതകളില്ലാതെ സുഗമമാക്കും. മറ്റു മേഖലകളെ അപേക്ഷിച്ച് റെയിൽവേയിൽ കടത്തുകൂലി കുറവാണെങ്കിലും ചിലരുടെ അഴിമതിയും നടപടിക്രമങ്ങളിലെ സങ്കീർണതയും കാരണം ചെറുകിട വ്യാപാരികൾ റെയിൽവേയിൽ നിന്ന് അകലുകയാണെന്ന് കണ്ടെത്തിയിരുന്നു. പൂർണമായും ഓൺലൈൻ സംവിധാനമാവുന്നതോടെ ഇത്തരം പ്രശ്നങ്ങൾ തീർത്തും തടയാനാവും.

തുക ഒടുക്കാൻ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും സൗകര്യം ലഭ്യമാവുമെന്ന മെച്ചമുണ്ട് വ്യാപാരികൾക്ക്. സ്റ്റേഷനിൽ എത്താതെ തന്നെ പണം അടക്കാൻ സാധിക്കുമെന്നതിനു പുറമെ ചരക്ക് കൃത്യസമയത്ത് നീക്കിയില്ലെങ്കിൽ വന്നുപെടുന്ന പിഴയും വ്യാപാരികൾക്ക് ഒഴിവായിക്കിട്ടും.

 റെയിൽവേയുടെ വിഹിതം

ചരക്കുകടത്തിന്റെ 27 %

 ലക്ഷ്യം 2030 ഓടെ 45 %

Advertisement
Advertisement