മരിയ,മുത്താണ് !

Wednesday 09 June 2021 11:35 PM IST

ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിലവിലെ വനിതാ ചാമ്പ്യൻ ഇഗ ഷ്വാംടെക്ക് ക്വാർട്ടറിൽ പുറത്ത്

ഇഗയെ അട്ടിമറിച്ച് താരദയമായി മരിയ സക്കാരി, കോക്കോ ഗൗഫും പുറത്ത്

പാരീസ് : കഴിഞ്ഞ സീസണിൽ അപ്രതീക്ഷിത കുതിപ്പുമായി ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട പോളണ്ടുകാരി ഇഗ ഷ്വാംടെക്ക് ഇക്കുറി ക്വാർട്ടറിൽ പുറത്തായി. ഗ്രീക്ക് താരോദയം മരിയ സക്കാരിയാണ് ഇന്നലെ ഇഗയ്ക്ക് മടക്ക ടിക്കറ്റ് നൽകിയത്. രണ്ട് സെറ്റ് മത്സരത്തിൽ 6-4,6-4 എന്ന സ്കോറിനായിരുന്നു മരിയയുടെ വിജയം. രണ്ടാം സെറ്റിനിടെ പരിക്കേറ്റതാണ് ഇഗയ്ക്ക് തിരിച്ചടിയായത്. കരിയറിൽ ആദ്യമായാണ് മരിയ ഒരു ഗ്രാൻസ്ളാം ടൂർണമെന്റിന്റെ സെമിയിൽ ഇടം പി‌ടിക്കുന്നത്. പ്രീക്വാർട്ടറിൽ മരിയ നാലാം സീഡ് സോഫിയ കെനിനെ അട്ടിമറിച്ചിരുന്നു.

സെമിയിൽ ബാർബോറ ക്രേസിക്കോവയാണ് മരിയയുടെ എതിരാളി. ക്വാർട്ടറിൽ അമേരിക്കൻ ടീനേജ് സെൻസേഷൻ കോക്കോ ഗൗഫിനെ കീഴടക്കിയാണ് ബാർബോറ സെമിയിലെത്തിയത്. 7-6,63 എന്ന സകോറിനായിരുന്നു ബാർബോറയുടെ വിജയം. 1981ന് ശേഷം ഫ്രഞ്ച് ഓപ്പൺ സെമിയിലെത്തുന്ന ചെക്ക് റിപ്പബ്ളിക്കുകാരിയാണ് ബാർബോറ.

പുരുഷ വിഭാഗം ക്വാർട്ടറിൽ അഞ്ചാം സീഡ് ഗ്രീക്ക്താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ്‌വദെവിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി. സ്‌കോർ: 6-3, 7-6 (3), 7-5.ആസ്‌ട്രേലിയൻ ഓപ്പണിലെ സെമി തോൽവിക്ക് മെദ്‌വദേവിനോട്പകരം വീട്ടുകയായിരുന്നു സിറ്റ്‌സിപാസ്. സെമിയിൽ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവാണ് സിറ്റ്‌സിപാസിന്റെ എതിരാളി.

Advertisement
Advertisement