കൊവിഡ് രണ്ടാംതരംഗത്തിലും ഫോക്കസ് ഔട്ടായി ഫോട്ടോഗ്രഫി മേഖല

Friday 11 June 2021 12:16 AM IST

പാലക്കാട്: ലോക് ഡൗണിൽ ആഘോഷങ്ങൾക്ക് പൂട്ടുവീണതോടെ ഫോട്ടോ-വീഡിയോ ഗ്രാഫർമാരുടെയും സ്റ്റുഡിയോ ജീവനക്കാരുടെയും ജീവിതം വീണ്ടും ഔട്ട് ഓഫ് ഫോക്കസായി. മാർച്ച് മുതൽ ജൂൺ വരെ വിവാഹങ്ങൾക്ക് പുറമേ ഉത്സവങ്ങളുടെയും സമ്മേളനങ്ങളുടെയും കാലമാണ്. കഴിഞ്ഞ വർഷത്തെ അടച്ചുപൂട്ടലിലെ ക്ഷീണത്തിൽ നിന്ന് മേഖല മെല്ലെ തിരിച്ചുവരവിന് ഒരുങ്ങുമ്പോഴാണ് പ്രതീക്ഷ തകർത്ത് രണ്ടാം തരംഗമെത്തിയത്. ലോക് ഡൗൺ ഇളവ് പ്രഖ്യാപിച്ചാൽ തന്നെ ഈ മേഖല ചലിച്ചുതുടങ്ങാൻ എറെ സമയമെടുക്കുമെന്നാണ് സൂചന.

ജില്ലയിൽ ചെറുതും വലുതുമായി ആയിരത്തോളം സ്റ്റുഡിയോകളുണ്ട്. പാലക്കാട് നഗരത്തിൽ മാത്രം 150ഓളം സ്ഥാപനങ്ങളുണ്ട്. സ്റ്റുഡിയോകളിലും കളർ ലാബുകളിലും മറ്റ് അനുബന്ധ മേഖലകളിലുമായി ജില്ലയിലാകെ 10000 പേർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ലോക് ഡൗൺ ആരംഭിച്ചതോടെ ഇത്രയും കുടുംബങ്ങൾക്ക് ആകെയുണ്ടായിരുന്ന വരുമാനവും നിലച്ചു. ഒരു മാസമായി സ്റ്റുഡിയോകൾ തുറക്കാനാകാതെ വിലപിടിപ്പുള്ള ഉപകരണങ്ങൾ കേടുവന്ന് നശിക്കുമോയെന്ന ആശങ്കയിലാണ് ഫോട്ടോഗ്രഫർമാർ.

ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത് സ്റ്റുഡിയോ ആരംഭിക്കുകയും വില കൂടിയ കാമറകൾ, ലെൻസ്, ലൈറ്റുകൾ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുകയും ചെയ്തവരാണ് ഇവരിൽ ഏറെയും. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ പലിശയും കൂട്ടുപലിശയും ഉൾപ്പെടെ വലിയ കടക്കെണിയാകും. മൺസൂൺ കാലത്ത് വിവാഹം ഉൾപ്പെടെയുള്ളവ കുറയുമെന്നതിനാൽ പെട്ടെന്നൊരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സൂചന.

ആദ്യ ലോക്ക് ഡൗണിന് ശേഷം ഇളവ് പ്രഖ്യാപിച്ചപ്പോൾ സ്റ്റുഡിയോകൾ തുറന്ന് പ്രവർത്തിച്ചെങ്കിലും വരുമാനം തീരെ കുറവായിരുന്നു. ഉത്സവങ്ങൾ ചടങ്ങുകൾ മാത്രമായി. സമ്മേളനങ്ങൾ കുറഞ്ഞു, വിവാഹം ഉൾപ്പെടെയുള്ളവയ്ക്ക് 20 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന നിയന്ത്രണം. ഇതെല്ലാം വരുമാനം നഷ്ടമാകാൻ ഇടയാക്കി. വൈദ്യുതി ചാർജും കട വാടകയും ജീവനക്കാർക്കുള്ള ശമ്പളവും കൊടുക്കാനുള്ള തുക പോലും പലർക്കും ലഭിച്ചിരുന്നില്ല. വല്ലപ്പോഴും പാസ്‌പോർട്ട് സൈസും മറ്റും പ്രിന്റ് എടുക്കാൻ വരുന്നവരും മാത്രമായിരുന്നു ആശ്രയം. ഇതിനിടെയാണ് വീണ്ടുമൊരു അടച്ചിടലെത്തിയത്. ഈ രീതിയിൽ ഇനിയും മുന്നോട്ട് പോകാൻ കഴിയില്ലെന്നും സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നുമാണ് മേഖലയിലുള്ളവരുടെ ആവശ്യം.

അനുമതി വേണം

ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും സ്റ്റുഡിയോകൾ തുറക്കാനും സാധന സാമഗ്രികൾ വൃത്തിയാക്കാനും അനുമതി നൽകണം. ഈ മേഖലയിലുള്ളവർക്ക് സർക്കാർ സമശ്വാസ പദ്ധതി പ്രഖ്യാപിക്കണമെന്നും ആൾ കേരള ഫോട്ടോഗ്രാഫഴ്‌സ് അസോസിയേഷൻ ജില്ല ഭാരവാഹികൾ ആവശ്യപ്പെട്ടു

Advertisement
Advertisement