വേതനമില്ലാതെ വലഞ്ഞ് പ്രീപ്രൈമറി അദ്ധ്യാപകർ

Friday 11 June 2021 12:04 AM IST

കൊച്ചി: സർക്കാർ പ്രീപ്രൈമറി സ്‌കൂളുകളിൽ 2012ന് ശേഷം നി​യമി​തരായ താത്കാലിക അദ്ധ്യാപകർക്കുള്ള വേതനം മുടങ്ങി​യി​ട്ട് ഒരു വർഷം. മാസം കി​ട്ടി​യി​രുന്നത് ശരാശരി​ 4000 രൂപയാണ്. അതി​ല്ലാതായി​ട്ടും സ്വന്തം കൈയിൽ നിന്ന് നെറ്റ് ചാർജ്ജ് ചെയ്ത് വിദ്യാർത്ഥികൾക്ക് വീഡിയോ ക്ലാസ് അടക്കം നൽകേണ്ട സ്ഥിതിയാണ് ഇവർക്ക്.

പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളിൽ പ്രീപ്രൈമറി നിർബന്ധമാക്കിയത്. കഴിഞ്ഞ അദ്ധ്യായന വർഷം മുതൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഈ വർഷം 40-50 വിദ്യാർത്ഥികൾ വരെ പ്രവേശനം നേടിയ സ്‌കൂളുകളുണ്ട്.

അദ്ധ്യാപക രക്ഷാകർതൃ സമി​തി​കളാണ് അദ്ധ്യാപകരെ നി​യോഗി​ച്ചി​രുന്നത്. 2012 വരെ നിയമിതരായവർക്ക് സർക്കാർ ഓണറേറി​യം നൽകുന്നുണ്ട്. അതി​ന് ശേഷമുള്ളവർക്ക് പി.ടി.എ ഫണ്ടി​ൽ നി​ന്നായി​രുന്നു വേതനം. കഴിഞ്ഞ വർഷം പി.ടി.എ ഫണ്ട് ഈടാക്കരുതെന്ന് നിർദ്ദേശം വന്നതോടെ അത് മുടങ്ങി. വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കി അദ്ധ്യാപകർക്ക് തുച്ഛമായ തുക നൽകിപ്പോന്ന സ്‌കൂളുകളും അതിനെതിരായ ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്ന് നിറുത്തലാക്കി.

കിട്ടുന്നത് തുച്ഛമായ വേതനം

അദ്ധ്യാപികമാർക്ക് 12,000 രൂപയും ആയമാർക്ക് 6000 രൂപയുമാണ് സർക്കാർ ഓണറേറി​യം. എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണമനുസരിച്ച് 3000 മുതൽ 6000 വരെ രൂപ ലഭിക്കും. 2000 മുതൽ 4000 രൂപവരെയാണ് താത്കാലിക അദ്ധ്യാപകർക്ക് പി​.ടി​.എ ഫണ്ടി​ൽ നി​ന്ന് നൽകുന്നത്. കൊവിഡ് ഡ്യൂട്ടി, പി.എസ്.സി പരീക്ഷാ ഡ്യൂട്ടി എന്നിവയിലും ഈ അദ്ധ്യാപകരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

അദ്ധ്യാപകരെ സംരക്ഷിക്കണം

2012 ന് ശേഷം നി​യമി​തരായ അദ്ധ്യാപകർക്കും ആയമാർക്കും ഓണറേറി​യം ഉറപ്പാക്കണം. 20 വർഷത്തിനു മുകളിൽ സർവീസുള്ളവരെ സ്ഥിരപ്പെടുത്തണം. മുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും മുൻകാലപ്രാബല്യത്തോടെ നടപ്പാക്കണം.
അഡ്വ. റോണി വി.പി,അദ്ധ്യാപകരുടെ അഭിഭാഷകൻ


പ്രീപ്രൈമറി സ്‌കൂളുകൾ 2500
അദ്ധ്യാപകർ 2267
താത്കാലിക അദ്ധ്യാപകർ 3000

Advertisement
Advertisement