പൈതൃക ടൂറിസം കേന്ദ്രങ്ങളുടെ നവീകരണം അന്തിമഘട്ടത്തിൽ

Friday 11 June 2021 12:10 AM IST

 തളി ക്ഷേത്രക്കുളം, കുറ്റിച്ചിറ, ഭട്ട് റോഡ് ബീച്ച് പുതുമോടിയിലേക്ക്

കോഴിക്കോട്: പൈതൃക വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉന്നതനിലവാരത്തിലേക്ക് ഉയർത്തുന്ന നവീകരണ പദ്ധതികൾ പൂർത്തിയാവുന്നു. തളി ക്ഷേത്രക്കുളത്തിനും കുറ്റിച്ചിറയ്ക്കുമെന്ന പോലെ ഭട്ട് റോഡ് ബീച്ചിനും പുതിയ മുഖം കൈവരികയാണ്. സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന രീതിയിലാണ് ജില്ലാ നിർമ്മിതി കേന്ദ്രയുടെ മേൽനോട്ടത്തിൽ നവീകരണ പ്രവൃത്തി.

സാമൂതിരി കാലഘട്ടത്തിന്റെ ചരിത്രം പേറുന്ന തളി ക്ഷേത്രക്കുളവും ചുറ്റുമതിലും രണ്ട് കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. ഇതിൽ ഒരു 1. 25 കോടി രൂപ ഡി.ടി.പി.സിയുടെ വിഹിതമാണ്. 75 ലക്ഷം രൂപ എം.എൽ.എ ഫണ്ടും. കോഴിക്കോടിന്റെ പൈതൃകവും സംസ്‌കാരവും തുടിക്കുന്ന തളി ക്ഷേത്രം കാത്തുസൂക്ഷിക്കാനാണ് തളി ടൂറിസം പദ്ധതി ലക്ഷ്യമിടുന്നത്. ഇവിടെ നവീകരണ പ്രവൃത്തിയുടെ 80 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. കോഴിക്കോടിന്റെയും സാമൂതിരി രാജവംശത്തിന്റേയും ചരിത്രം ഇതൾവിരിയുന്ന ഒരു മ്യൂസിയം ക്ഷേത്രത്തിലെ ആൽത്തറയ്ക്കു സമീപം ഒരുക്കുന്നുണ്ട്. കുളത്തിന്റെ ഓരത്തെ ചുമരുകളിൽ സാമൂതിരി രാജവംശത്തിന്റെ ചരിത്രം കൊത്തിയെടുത്തിട്ടുണ്ട്.

സാമൂതിരിയുടെ അരിയിട്ടുവാഴ്ച, രേവതി പട്ടത്താനം, മാമാങ്കം, ബ്രാഹ്മണസദ്യ, കൃഷ്ണനാട്ടം തുടങ്ങി എട്ടു വിഷയങ്ങൾ നിറയുന്ന ഈ ചുമരുകളിൽ ചെറുവിവരണങ്ങളും ഉൾപ്പെടുത്തും. സ്റ്റേജും അതിനോടു ചേർന്ന് എൽ ഇ ഡി ചുമരും ശബ്ദവെളിച്ച സംവിധാനവും ഒരുക്കും. ആൽത്തറ, കുളക്കടവ്, കുളപ്പുര, ആറാട്ട്കടവ് എന്നിവയും തളി പൈതൃക ടൂറിസം പദ്ധതിയിലൂടെ നവീകരിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട് സസ്യോദ്യാനവും ഭിന്നശേഷി സൗഹൃദ നടപ്പാതയും സജ്ജീകരിക്കും.

രണ്ടു കോടി രൂപ ചെലവിലാണ് കുറ്റിച്ചിറയുടെയും നവീകരണം. 1. 25 കോടി രൂപ ഡി.ടി.പി.സി യുടെ വിഹിതവും 75 ലക്ഷം രൂപ എം.എൽ.എ ഫണ്ടുമാണ്. പദ്ധതിയിൽ പാർക്കും ഉൾപ്പെടും. ചിറയ്ക്കു ചുറ്റും നടപ്പാത ഒരുക്കുന്നുണ്ട്.

ഭട്ട് റോഡ് ബീച്ചിൽ 1.5 കോടി രൂപയുടെ നവീകരണ പ്രവൃത്തിയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 1.15 കോടിയും ഡി.ടി.പി.സി വകയാണ്. 35 ലക്ഷം രൂപ എം.എൽ.എ ഫണ്ടും. സ്‌കേറ്റിംഗ് ട്രാക്കും സംഗീത ജലധാരയും പ്രധാന ആകർഷണ കേന്ദ്രങ്ങളാവും. സൈക്കിൾ സവാരിയ്ക്ക് പ്രത്യേക പാതയും നിർമ്മിക്കുന്നുണ്ട്. സ്റ്റേജ്, നടപ്പാത, കുളം നവീകരണം എന്നിവയ്‌ക്കൊപ്പം മനോഹരമായ കവാടവും നിർമ്മിക്കും. സാംസ്‌കാരിക കേന്ദ്രമായി ബീച്ചിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഭട്ട്‌ റോഡ് ബീച്ചിന് മോടി കൂട്ടുന്നത്.

Advertisement
Advertisement