യുവതിക്ക് ഫ്ലാറ്റിൽ പീഡനം: പ്രതി മാർട്ടിൻ പിടിയിൽ,  കുടുക്കിയത് തൃശൂരിലെ ഒളിയിടത്തു നിന്ന്

Thursday 10 June 2021 11:20 PM IST

കൊച്ചി: യുവതിയെ ഫ്ലാറ്റിൽ ദിവസങ്ങളോളം തടഞ്ഞുവച്ച് അതിക്രൂരമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ തൃശൂർ മുണ്ടൂരിലെ ഒറ്റപ്പെട്ട സ്ഥലത്തെ കെട്ടിടത്തിന്റെ ടെറസിൽ നിന്ന് പൊലീസ് പിടികൂടി. ഇന്നലെ രാത്രി ഒമ്പതോടെയാണ് ഇയാളെ പിടികൂടിയത്. അതേസമയം, മാർട്ടിൻ ആക്രമിച്ചെന്ന് മറ്റൊരു യുവതി നൽകിയ പരാതിയിലും കേസെടുത്തു.

മുണ്ടൂരിൽ ചതുപ്പും കുറ്റിക്കാടുകളും നിറഞ്ഞ ഉൾപ്രദേശത്തെ താമസമി​ല്ലാത്ത കെട്ടിടത്തിന്റെ ടെറസിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഡ്രോൺ നിരീക്ഷണത്തിൽ ലഭിച്ച സൂചനയെത്തുടർന്ന് പൊലീസിന്റെ മൂന്നംഗ സംഘം കെട്ടിടത്തിന് സമീപമെത്തി. ഇതറിഞ്ഞതോടെ ടെറസിൽ നിന്ന് ചാടി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് കീഴ്പ്പെടുത്തി. കൂടുതൽ പേരെത്തി ഇയാളെ പുറത്തുകൊണ്ടുവന്നു. തൃശൂരിലേക്ക് മാറ്റിയ ഇയാളെ ഇന്ന് കൊച്ചിയിലെത്തിക്കും.

റോഡിൽ നിന്ന് അര മണിക്കൂറോളം നടന്നു ചെല്ലേണ്ട ഭാഗത്തായിരുന്നു ഒളിയിടം. തൃശൂരിലെ പൊലീസ് സംഘത്തിന്റെ സഹായത്തോടെയാണ് കൊച്ചിൽ നിന്നെത്തിയവർ തിരച്ചിൽ നടത്തിയതെന്ന് സെൻട്രൽ സി.ഐ കേരളകൗമുദിയോട് പറഞ്ഞു.

മാർട്ടിനെ കൊച്ചിയിൽ നിന്ന് ഒളിവിൽ പോകാൻ സഹായിച്ച മൂന്നു സുഹൃത്തുക്കളെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് ഒളിത്താവളം മനസിലാക്കിയത്. അമല നഗറിലെ ഒറ്റപ്പെട്ട സ്ഥലമാണിത്.

പാവറട്ടി പറക്കാട്ട് വീട്ടിൽ ധനീഷ് (29), കൈതപ്പറമ്പ് കണ്ടിരുത്തി വീട്ടിൽ ശ്രീരാഗ് (27), കിരാലൂർ പരിയാ‌‌ടൻ വീട്ടിൽ ജോൺ ജോയ് (28) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ബി​.എം.ഡബ്‌ള്യു ഉൾപ്പെടെ മൂന്ന് ആഢംബര കാറുകളും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ 23 വരെ റിമാൻഡ് ചെയ്തു.

മുങ്ങിയത് ബുധനാഴ്ച പുലർച്ചെ

പരാതിയിൽ പൊലീസ് നടപടി എടുത്തില്ലെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ വിവാദമാകുകയും അന്വേഷണം നടക്കുകയും ചെയ്യുമ്പോഴാണ് മാർട്ടിൻ കാക്കനാട് ഫ്ളാറ്റിൽ നിന്ന് മുങ്ങിയത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ 4.31 ന് ഫ്ളാറ്റിൽ നിന്ന് സുഹൃത്തിനൊപ്പം മാർട്ടിൻ തിടുക്കത്തിൽ പോകുന്ന സി.സി.ടി.വി ദൃശ്യം ഇന്നലെ പൊലീസിന് ലഭിച്ചി​രുന്നു. ഇവർ സ്വിഫ്റ്റ് കാറിലാണ് സ്ഥലം വിട്ടത്. ഈ കാറും പി​ടി​ച്ചെടുത്തി​ട്ടുണ്ട്.

പുതിയ പരാതി

മാർട്ടിനും സുഹൃത്ത് സുധീറും ചേർന്ന് കാക്കനാട്ടെ വാടകഫ്ളാറ്റിൽ വച്ച് തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നാണ് ഇൻഫോ പാർക്കിൽ ജോലിക്കാരിയായ ഒരു യുവതി ഇന്നലെ വനി​താ പൊലീസി​ൽ നൽകിയ പരാതി. രണ്ടുപേരെയും പ്രതികളാക്കി പൊലീസ് കേസെടുത്തു. ആദ്യം പരാതി​ നൽകി​യ യുവതി​യുടെ സുഹൃത്താണീ യുവതി​.