രാഷ്‌ട്രീയമായി നേരിടാൻ കേന്ദ്ര നിർദ്ദേശമെന്ന് സുരേന്ദ്രൻ
ന്യൂഡൽഹി: കേരളത്തിൽ ബി.ജെ.പിക്കെതിരെ നടക്കുന്ന നീക്കങ്ങളെ രാഷ്‌ട്രീയമായി നേരിടാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി ഡൽഹിയിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കേരളത്തിൽ ബി.ജെ.പിയെ ദുർബ്ബലമാക്കാൻ ലക്ഷ്യമിട്ടുള്ള വിവാദങ്ങളെ രാഷ്‌ട്രീയമായി നേരിടാൻ കേന്ദ്രനേതൃത്വം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എൽ.ഡി.എഫ് സർക്കാരിനെതിരെ സമരപരിപാടികൾ പൂർവാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകാൻ നദ്ദ നിർദ്ദേശിച്ചതായും സുരേന്ദ്രൻ പറഞ്ഞു.
രണ്ടു ദിവസമായി ഡൽഹിയിലുള്ള സുരേന്ദ്രൻ വിവിധ കേന്ദ്ര നേതാക്കളുമായി ചർച്ചയിലാണ്. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ സംസ്ഥാന ഘടകത്തിന് ജാഗ്രതക്കുറവുണ്ടായെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇക്കാര്യങ്ങളിൽ നദ്ദയ്ക്ക് വിശദീകരണം നൽകിയതായി അറിയുന്നു.