വാക്‌സിന് ഒ.ടി.പി കിട്ടും,​ സ്ലോട്ടില്ലെന്ന് ഹൈക്കോടതി

Friday 11 June 2021 12:00 AM IST

കൊച്ചി: വാക്‌സിനേഷന് രജിസ്റ്റർ ചെയ്യാൻ ഒ.ടി.പി ലഭിക്കുമെങ്കിലും സെന്ററും സമയവും വ്യക്തമാക്കുന്ന സ്ളോട്ട് ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെയുള്ള ഒരു കൂട്ടം ഹർജികളിൽ ജസ്‌റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വാക്കാൽ ചൂണ്ടിക്കാട്ടിയത്.

സ്പോട്ട് രജിസ്ട്രേഷനിൽ ഒരുപരിധിവരെ ഇൗ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിരുന്നെന്നും പുതിയ നയത്തിൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകുമെന്നാണ് അറിയുന്നതെന്നും മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ അഭിഭാഷകൻ വിശദീകരിച്ചു. എറണാകുളത്ത് സ്ളോട്ട് ലഭിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ, കോട്ടയം, തൃശൂർ ജില്ലകളിൽ ഇത്തരം പ്രശ്നമില്ലെന്നും സ്ളോട്ട് ലഭിക്കാൻ സഹായിക്കുന്ന സ്വകാര്യ ആപ്പുകൾ പ്രശ്നമായി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ വാക്സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വിതരണത്തിന് വ്യക്തമായ പദ്ധതി നാലോ അഞ്ചോ ദിവസങ്ങൾക്കകം തയ്യാറാക്കുമെന്ന് സർക്കാർ അഭിഭാഷകനും വിശദീകരിച്ചു.

മാലിന്യം ശേഖരിക്കുന്നവർ മുൻഗണനാ ലിസ്റ്റിലുണ്ടോ ?

വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നവരെ കൊവിഡ് മുന്നണിപ്പോരാളികളായി അംഗീകരിച്ച് വാക്സിൻ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോടു നിർദ്ദേശിച്ചു. മേയ് 19ലെ സർക്കാർ ഉത്തരവിനുശേഷം മുൻഗണനാലിസ്റ്റ് പുനർനിർണയിച്ചിട്ടുണ്ടെങ്കിൽ ഹാജരാക്കാനും സർക്കാർ അഭിഭാഷകന് നിർദ്ദേശം നൽകി. തുടർന്ന് ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി.

വാക്സിന്റെ കണക്ക്

2.63 കോടി പേർക്ക് വാക്സിൻ നൽകണം

5.26 കോടി ഡോസുകൾ ഇതിനായി വേണം

86,21,845 പേർക്ക് ആദ്യഡോസ് നൽകി

21,97,024 പേർക്ക് രണ്ടു ഡോസും നൽകി

(ജൂൺ ഒമ്പത് വരെയുള്ള കണക്ക്)

Advertisement
Advertisement