ഹാർബറുകൾ വിജനം, ഉപരിതല മത്സ്യബന്ധനം നിയന്ത്രിതം

Friday 11 June 2021 12:59 AM IST

കൊല്ലം: ട്രോളിംഗ് നിരോധനത്തെ തുടർന്ന് ബോട്ടുകൾ കരയ്ക്കടുപ്പിച്ചതോടെ ജില്ലയിലെ ഹാർബറുകൾ വിജനമായി. എന്നാൽ നിയന്ത്രിത ഉപരിതല മത്സ്യബന്ധനത്തിന് മുൻ വർഷങ്ങളിലെ പോലെ അനുമതിയുണ്ട്.

ഇൻബോർഡ് വള്ളങ്ങൾക്കും കട്ടമരം പോലുള്ള പരമ്പരാഗത മത്സ്യബന്ധന രീതികൾക്കും അനുമതിയുണ്ടെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും സുരക്ഷാ ഉപകരണങ്ങളും അംഗീകൃത തിരിച്ചറിയൽ രേഖകളും നിർബന്ധമാണ്. ഹാർബറുകളിൽ നിയന്ത്രണവിധേയമായി തൂക്കിവിൽപ്പന അനുവദിക്കും.

സുരക്ഷയ്‌ക്ക്‌ സീ റെസ്‌ക്യൂ സ്‌ക്വാഡ്‌

ഉപരിതല മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങളുടെ സുരക്ഷയ്‌ക്കായി ഇക്കുറി മൂന്ന്‌ ബോട്ടുകൾ തീരദേശ പൊലീസ് വാടകയ്‌ക്കെടുത്തിട്ടുണ്ട്‌. മുൻവർഷങ്ങളിൽ ഒരു ബോട്ടാണ്‌ ഉണ്ടായിരുന്നത്‌. പത്ത് ലൈഫ്‌ ഗാർഡിനെയും ഇത്തവണ അധികം നിയോഗിച്ചു‌. കൂടാതെ 84 സീ റെസ്‌ക്യൂ സ്‌ക്വാഡ്‌ പ്രവർത്തകരെയും ആദ്യമായി നിയോഗിച്ചു. ഗോവയിൽ പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളെയാണ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കൺട്രോൾ റൂം 


പ്രവർത്തനം: 24 മണിക്കൂർ

ഫോൺ നമ്പർ
തങ്കശ്ശേരി: 9497488530
നീണ്ടകര: 0476 2680036
അഴീക്കൽ: 8301015241

ഹാർബറുകൾ: 3

ട്രോളിംഗ് നിരോധനം എന്തുകൊണ്ട്?

1. വാണിജ്യ പ്രാധാന്യമുള്ള 30 ഓളം ചെമ്മീൻ മത്സ്യ - കണവ ഇനങ്ങളുടെ പ്രജനനകാലം മൺസൂൺ കാലത്താണ്‌
2. മുട്ട വിരിയാൻ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിന്
3. പ്രജനന മേഖലകൾ സംരക്ഷിക്കുന്നതിന്
4. മുട്ടയുടെയും കുഞ്ഞുങ്ങളുടെയും നശീകരണം തടയുക
5. മത്സ്യക്കുഞ്ഞുങ്ങൾക്ക് ആഹാരം ഉറപ്പുവരുത്തൽ

എന്തുകൊണ്ട് ഉപരിതല മത്സ്യബന്ധനം

1. ഉപരിതല മത്സ്യങ്ങളായ ചാള, അയല, ചൂര, വറ്റ തുടങ്ങിയവയുടെ മുട്ടയുടെ എണ്ണം അടിത്തട്ട് മത്സ്യങ്ങളുടെ മൂന്ന് മുതൽ നാല് മടങ്ങുവരെ കൂടുതലാണ്‌
2. വളർച്ചാനിരക്ക്‌ മറ്റ്‌ മത്സ്യങ്ങളേക്കാൾ കൂടുതലായതിനാൽ വംശനിയന്ത്രണം ആവശ്യം
3. അടിത്തട്ട് മത്സ്യങ്ങളുടെ വളർച്ചാനിരക്കിൽ കുറവ് വന്നാൽ മൊത്തം ഉത്പാദനത്തിൽ ശോഷണം സംഭവിക്കാം
4. റിംഗ്‌ വലകൾ ഉപയോഗിച്ചുള്ള ഉപരിതല മത്സ്യബന്ധന രീതികൾ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക്‌ കേടുപാടുകൾ ഉണ്ടാക്കുന്നില്ല
5. അടിത്തട്ട് ഭദ്രതയ്ക്കോ, രാസ - ഭൗതിക ഘടകങ്ങൾക്കോ വ്യതിയാനം സംഭവിക്കില്ല

പിടികൂടുന്ന മത്സ്യങ്ങൾ


 നെയ്‌ചാള  കരിച്ചാള  നെത്തോലി  പാമ്പാട  വറ്റ  നെയ്‌മീൻ  ചൂര

Advertisement
Advertisement