മദ്യവും ലോട്ടറിയും വില്‍ക്കുന്നേയില്ല; ലോക്ക്ഡൗൺ നീണ്ടതോടെ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി, നഷ്‌ട കണക്കുകൾ ഇങ്ങനെ...

Friday 11 June 2021 8:55 AM IST

തിരുവനന്തപുരം: ലോക്ക്‌ഡൗൺ നീണ്ടതോടെ സംസ്ഥാനം നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധി. ഏപ്രിലില്‍ 2298 കോടിയായിരുന്ന ജി എസ് ടി വരുമാനം 1043 കോടിയായി കുത്തനെ താഴ്ന്നു. 1255 കോടിയുടെ കുറവാണ് ഒരു മാസത്തിനിടെ സംഭവിച്ചത്. സംസ്ഥാനസര്‍ക്കാരിന്‍റെ നേരിട്ടുള്ള വിഹിതമായ എസ് ജി എസ് ടി 1075 കോടിയില്‍ നിന്ന് 477 കോടിയായാണ് കുറഞ്ഞത്. 598 കോടിയുടെ കുറവാണ് ഇതിൽ സംഭവിച്ചത്.

സംസ്ഥാനത്തിന്‍റെ പ്രധാന വരുമാനമാര്‍ഗങ്ങളായ മദ്യവും ലോട്ടറിയും വില്‍ക്കുന്നേയില്ല. അനന്തമായി ലോക്ക്ഡൗണ്‍ നീളുമ്പോള്‍ ഇവയിൽ നിന്ന് ഖജനാവിലേക്ക് ഒരു രൂപപോലും വരുന്നില്ല. പ്രതിമാസം 1500 മുതല്‍ 1800 വരെ കോടിയുടെ മദ്യകച്ചവടമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതിന്‍റെ നികുതിയിനത്തില്‍ മാത്രം 1500 കോടിവരെ സര്‍ക്കാരിന് കിട്ടാറുണ്ട്. ഈ തുകയൊന്നടങ്കം നഷ്‌ടമായി.

ലോട്ടറിവഴി 118 കോടി വിറ്റുവരവായി കിട്ടേണ്ടതാണ്. ലോട്ടറി വില്‍പ്പനയിലെ സംസ്ഥാന ജി എസ് ടി വിഹിതമായ പതിനാറരക്കോടിയും ഇല്ലാതായി. 16 വരെ ലോക്ക്ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ നഷ്‌ടം ഇനിയും വർദ്ധിക്കുമെന്ന് അധികൃതർ പറയുന്നു. കടമെടുക്കല്‍ മാത്രമാണ് പരിഹാരമാര്‍ഗമായി മുന്നിലുളളതെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നു.

Advertisement
Advertisement