കേരളത്തിന്‍റെ വായ്‌പാ പരിധി ഉയർത്തി കേന്ദ്രം; പറഞ്ഞതൊക്കെയും പിണറായി സർക്കാർ അക്ഷരംപ്രതി നിറവേറ്റി, സംസ്ഥാനത്തിന് ആശ്വാസമായ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ ഇവ...

Friday 11 June 2021 10:25 AM IST

​​​ന്യൂഡൽഹി: വായ്‌പാ പരിധി ഉയർത്താൻ കേരളത്തിന് കേന്ദ്രസർക്കാരിന്‍റെ അനുമതി. സംസ്ഥാന ജി ഡി പിയുടെ അഞ്ച് ശതമാനം വരെ കടമെടുക്കാനാണ് അനുമതി നൽകിയത്. കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിന് കൂടുതൽ പണം ഉണ്ടാക്കാനുള്ള സാദ്ധ്യതയാണ് ഇതിലൂടെ തുറന്നുകിട്ടിയിരിക്കുന്നത്.

വായ്‌പാ പരിധി ഉയർത്തണമെന്ന് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നിരന്തരം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ആകെ ആഭ്യന്തര ഉത്പാദനത്തിന്‍റെ മൂന്നു ശതമാനം മാത്രമേ കടമെടുക്കാൻ പാടുളളൂ എന്ന നിബന്ധന മാറ്റി അത് അഞ്ച് ശതമാനമാക്കി ഉയർത്താൻ കേന്ദ്രം തീരുമാനിച്ചത്. വായ്‌പാ പരിധി ഉയർത്താൻ സംസ്ഥാനങ്ങളെ സഹായിക്കും എന്നത് കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം നടത്തിയ പ്രഖ്യാപനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു.

അഞ്ച് ശതമാനമായി ഉയർത്തിയപ്പോൾ കേന്ദ്രം ചില നിബന്ധനകൾ മുന്നോട്ട് വച്ചിരുന്നു. മൂന്നു ശതമാനത്തിൽ നിന്ന് നാല് ശതമാനമായി സംസ്ഥാനങ്ങൾക്ക് അവരുടെ വായ്‌പാ പരിധി ഉയർത്താം എന്നതായിരുന്നു കേന്ദ്രത്തിന്‍റെ നിർദേശം. ഇത് നാല് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനത്തിലേക്ക് എത്തണമെങ്കിൽ കേന്ദ്രത്തിന്‍റെ നാല് നിബന്ധനകൾ പാലിക്കണമെന്നായിരുന്നു.

ഒറ്റ രാജ്യം ഒറ്റ റേഷൻ കാർഡ് എന്നതിലേക്ക് കൂടുതൽ നടപടികൾ സംസ്ഥാനം സ്വീകരിക്കണമെന്നതായിരുന്നു ആദ്യ നിബന്ധന. വൈദ്യുതി സബ്‌സിഡി കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി നൽകുക എന്നതായിരുന്നു രണ്ടാമത്തേത്. വ്യവസായസൗഹൃദ നടപടികൾ എന്ന നിലയിൽ കേന്ദ്രം ചില നിർദേശങ്ങൾ മുമ്പോട്ട് വച്ചിരുന്നു. അത് സംസ്ഥാനങ്ങൾ നടപ്പാക്കണമെന്നതായിരുന്നു മൂന്നാമത്തെ നിർദേശം. ന​ഗരങ്ങളിലും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരു മിനിമം പ്രോപ്പർട്ടി ടാസ്‌ക് ഉൾപ്പടെ നിശ്ചയിച്ച് മുമ്പോട്ട് പോകുക എന്നതായിരുന്നു നാലാമത്തെ നിബന്ധന. ഇതെല്ലാം കേരളം പാലിച്ചു. ഉത്തരാഖണ്ഡും ഗോവയുമാണ് കേരളത്തെ കൂടാതെ ഈ നിബന്ധനകൾ പാലിച്ച മറ്റ് സംസ്ഥാനങ്ങൾ.