കൊവിഡ് വാക്സിൻ: കേരളത്തിന്റെ ആഗോള ടെണ്ടറിൽ ആരും പങ്കെടുത്തില്ല

Friday 11 June 2021 7:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നതിന് ആഗോള ടെൻഡർ ക്ഷണിച്ചെങ്കിലും ഒരു കമ്പനി പോലും മുന്നോട്ടു വന്നില്ലെന്ന് സർക്കാർ അറിയിച്ചു. ഹൈക്കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് സംസ്ഥാനങ്ങൾ വിളിച്ച ആഗോള ടെൻഡറുകൾക്കും സമാനമായ പ്രതികരണമാണ് ലഭിച്ചതെന്നും സർക്കാർ അറിയിച്ചു.

വാക്സിൻ ക്ഷാമം രൂക്ഷമായതോടെയായിരുന്നു കേന്ദ്ര അനുമതിയോടെ ടെൻഡർ വിളിച്ചത്. വ്യാഴാഴ്ച ടെക്നിക്കൽ ബിഡ് തുറന്നു. എന്നാൽ ആരും താത്പര്യം കാണിച്ച് ടെൻഡർ സമർപ്പിച്ചില്ല. കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷനായിരുന്നു ടെൻഡർ വിളിച്ചത്.

വാക്സിൻ വിതരണത്തിന് വീണ്ടും സ്പോട്ട് രജിസ്ട്രേഷൻ ആരംഭിക്കുന്നത് പരിഗണനയിൽ ഇല്ലെന്നും ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കി. സ്പോട്ട് രജിസ്ട്രേഷൻ ആരംഭിച്ചാൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ ആൾക്കൂട്ടം ഉണ്ടാകും. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകുന്നത് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി തന്നെ നിർദ്ദേശിച്ചിട്ടുണ്ട്.

ശുചീകരണ തൊഴിലാളികളെ കൊവിഡ് മുന്നണിപ്പോരാളികൾ ആയി പ്രഖ്യാപിക്കുന്നത് പരിഗണനയിലാണെന്നും സർക്കാർ വ്യക്തമാക്കി. കേന്ദ്രസർക്കാർ നൽകുന്ന വാക്സിൻ സ്വകാര്യ ആശുപത്രികൾ മുഖേന വഴിയും വിതരണം ചെയ്യാനാകുമോ എന്ന് അറിയിക്കാനും ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.