അശ്രദ്ധയോടെ വാഹനങ്ങൾ; റെയിൽവേ ഗേറ്റുകൾ തവിടുപൊടി

Saturday 12 June 2021 12:25 AM IST

പാലക്കാട്: ട്രെയിൻ തട്ടിയുള്ള അപകടമൊഴിവാക്കുന്നതിന് സുരക്ഷാ സംവിധാനം ശക്തമാക്കുമ്പോഴും റെയിൽവേ ഗേറ്റുകളിൽ വാഹനാപകടങ്ങൾ കൂടുന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഡിവിഷനിൽ 27 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ആളില്ലാ ലെവൽ ക്രോസുകൾ പൂർണമായി ഒഴിവാക്കിയ ഡിവിഷനാണ് പാലക്കാട്. 582.7 കി.മീ പാതയിൽ 137 ലെവൽ ക്രോസിംഗുകളാണുള്ളത്. ഇന്റർലോക്ക് സംവിധാനമാണ് എല്ലാ ലെവൽ ക്രോസിലും ഏർപ്പെടുത്തിയിട്ടുള്ളത്. ഗേറ്റ് ശരിയായ രീതിയിൽ അടയാത്ത പക്ഷം പച്ച സിഗ്നൽ ലഭിച്ച് ട്രെയിനിന് കടന്നുപോകാനാകില്ല.

ഇത്രയും അതീവ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടും ലെവൽ ക്രോസുകളിൽ തട്ടിയുള്ള വാഹനാപകടം പെരുകുകയാണ്. അശ്രദ്ധവും അമിത വേഗത്തിലുമെത്തുന്ന വാഹനങ്ങൾ ഗേറ്റ് അടയ്ക്കുന്നതിന് മുന്നേ പാളം മറികടക്കാൻ ശ്രമിക്കുമ്പോൾ തട്ടി ക്രോസ് ബാർ തകരാറിലാകുന്നതാണ് പ്രധാന പ്രശ്നം. ടിപ്പർ, ടാങ്കർ, ട്രക്ക്, പിക്കപ്പ് വാൻ, ഗുഡ്സ് ഓട്ടോകൾ എന്നിവയാണ് അപകടം വരുത്തിവയ്ക്കുന്നതിൽ പ്രധാന വില്ലന്മാർ.

പരിശോധന നടത്തി

അന്താരാഷ്ട്ര ലെവൽ ക്രോസിംഗ് ബോധവത്കരണ ദിനാചരണത്തിന്റെ ഭാഗമായി ഡിവിഷനിൽ സുരക്ഷാ ഉദ്യോഗസ്ഥർ ലവൽ ക്രോസുകളിൽ പ്രത്യേക പരിശോധന നടത്തി. വെബിനാറും സംഘടിപ്പിച്ചു. ഡിവിഷണൽ മാനേജർ ത്രിലോക് കോത്താരി, അഡീഷണൽ മാനേജർമാരായ ആർ.രഘുരാമൻ, സി.ടി.സക്കീർ ഹുസൈൻ, സീനിയർ ഡിവിഷനൽ സേഫ്റ്റി ഓഫീസർ സി.മുരളീധരൻ, സീനിയർ എൻജിനീയർ എച്ച്.അനന്തരാമൻ, സിനിയർ ഓപ്പറേറ്റേഴ്സ് മാനേജർ അരുൺ തോമസ് നേതൃത്വം നൽകി.

അപകടം മൂലം ഗേറ്റുകൾ തകരാറാകുന്നുണ്ട്. അപകടം വരുത്തുന്ന ഡ്രൈവർമാർക്ക് മൂന്നുവർഷം തടവോ പിഴയോ ശിക്ഷ നൽകുന്നതിന് റെയിൽവേ നിയമം അനുശാസിക്കുന്നുണ്ട്.

-എം.കെ.ഗോപിനാഥ്, പി.ആർ.ഒ, പാലക്കാട് ഡിവിഷൻ.

Advertisement
Advertisement