കടൽക്കൊലക്കേസ്: വിധി ചൊവ്വാഴ്ച

Saturday 12 June 2021 12:29 AM IST

ന്യൂഡൽഹി : 2012ലെ കടൽക്കൊലക്കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതിയുടെ അന്തിമ വിധി ചൊവ്വാഴ്ച .ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സുപ്രീംകോടതി നിർദ്ദേശിച്ച 10 കോടി രൂപ നഷ്ടപരിഹാരം സുപ്രീംകോടതി രജിസ്ട്രിയുടെ യു കോ ബാങ്ക് അക്കൗണ്ടിൽ ഇറ്റലി നിക്ഷേപിച്ചതായി ഇന്നലെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ക്രിമിനൽ കേസിലെ നടപടികൾ അവസാനിപ്പിക്കാൻ ഉത്തരവിറക്കണം. നാവികർക്കെതിരായ നടപടികൾ ഇറ്റലി സ്വീകരിക്കും. കടൽക്കൊല കേസിൽ ബോട്ടിലുണ്ടായിരുന്ന എല്ലാവർക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിർക്കുന്നില്ല. തുക പങ്ക് വയ്ക്കുന്നതിലെ നടപടിക്രമങ്ങളിൽ അനിശ്ചിതത്വം നേരിടുന്നതായി കേരളം അറിയിച്ചതായും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

തുക വാങ്ങി കേസ് അവസാനിപ്പിക്കുന്നതിന് സമ്മതമാണെന്ന് കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.വെടിയേറ്റ് മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബാംഗങ്ങളും സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിയും നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് വ്യക്തമാക്കിയതായി കേരളം അറിയിച്ചു. തുക കെട്ടിവച്ചതിനാൽ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന് ഇറ്റലിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സൊഹൈൽ ദത്ത കോടതിയിൽ ആവശ്യപ്പെട്ടു.

നഷ്ടപരിഹാരത്തുക പങ്കിടൽ

നഷ്ടപരിഹാരത്തുകയായ 10 കോടി ആദ്യം സ്ഥിരം നിക്ഷേപമായി സൂക്ഷിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. അതിന്റെ പലിശ ഇരകൾക്ക് പിൻവലിക്കാം. പിന്നീട് മുഴുവൻ തുകയും ലഭ്യമാക്കാം. എന്നാൽ, നഷ്ടപരിഹാര വിതരണത്തിന് ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

രാജ്യാന്തര ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നേരത്തെ നൽകിയ 2.17 കോടിക്ക് പുറമേയാണ് ഇറ്റലി 10 കോടി രൂപ നഷ്ടപരിഹാരം നൽകുന്നത്. മുൻനിശ്ചയിച്ച പ്രകാരമാണെങ്കിൽ ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാലു കോടി വീതവും സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടിയും ലഭിക്കും.