കേരളത്തിൽ കൊവിഡ് വ്യാപനത്തിന് കാരണമായത് ഡെൽറ്റ വകഭേദം,​ ഇരട്ടമാസ്ക് നിർബന്ധം,​ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

Friday 11 June 2021 8:05 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാംതരംഗത്തിന് കാരണമായത് ഡെൽറ്റ വകഭേദമെന്ന് മുഖ്യമന്ത്രി പിണറായി വജയൻ പറഞ്ഞു. വാക്സിന്‍ എടുത്തവരിലും രോഗം ഭേദമായവരിലും രോഗമുണ്ടാക്കാന്‍ ഡെല്‍റ്റാ വൈറസിന് കഴിയും. എങ്കിലും രോഗം രൂക്ഷമാകാനും മരണം സംഭവിക്കാനുമുള്ള സാദ്ധ്യത കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. .


നേരത്തെ ഒരാളില്‍ നിന്നും 2 - 3 പേരിലേക്കാണ് രോഗം വ്യാപിച്ചിരുന്നതെങ്കില്‍ ഡെല്‍റ്റാ വൈറസ് 5-10 പേരിലേക്ക് പകരാന്‍ സാധ്യതയുള്ളതാണ്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ കൊവിഡ് പെരുമാറ്റ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ഇരട്ട മാസ്ക് ധരിക്കുന്നതിന് പുറമേ ആഹാരം കഴിക്കാനും മറ്റും മാസ്ക് നീക്കം ചെയ്യേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുമായി ശരീരദൂരം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


ചെറിയ കൂടിച്ചേരലുകള്‍ പോലും കഴിവതും ഒഴിവാക്കണം. പുറമേ പോയി എത്തുന്നവര്‍ വീട്ടിനുള്ളിലും മാസ്ക് ധരിക്കണം. ഒരുമിച്ചിരുന്നുള്ള ആഹാരം, കുടുംബസമേതമോ കൂട്ടായോ ഉള്ള ടിവി കാണല്‍ ഇവ ഒഴിവാക്കണം. മാസ്ക് ധരിക്കാനും ശരീര ദൂരം പാലിക്കാനും വാക്സിന്‍ എടുത്തവരും ശ്രദ്ധിക്കേണ്ടതാണ്. അവരിലും വീണ്ടും കോവിഡ് പരത്താന്‍ (ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍) ഡെല്‍റ്റാ വൈറസിന് കഴിയും. അവരിലൂടെ മറ്റുള്ളവരിലേക്ക് രോഗാണു വ്യാപിക്കാനും സാധ്യതയുണ്ട്. മറ്റ് രോഗമുള്ളവരിലാണ് കൂടുതലും രോഗബാധയുണ്ടാകുന്നതും അസുഖം മൂര്‍ച്ചിച്ച് മരണമുണ്ടാകുന്നതും. വാക്സിന്‍ എടുത്താല്‍ പോലും പ്രമേഹം തുടങ്ങിയ അനുബന്ധരോഗങ്ങളുടെ ചികിത്സ മുടങ്ങാതെ തുടരേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. .