'കോടതി ശിക്ഷിച്ച പ്രതി ഷാഫിയാണ് സ്മൃതിമണ്ഡപത്തിന് മുമ്പിൽ നിൽക്കുന്നത്'; സിപിഎം പി കെ കുഞ്ഞനന്തന്റെ ചരമദിനം ആചരിക്കുന്നതിനെ വിമർശിച്ച് പി സി വിഷ്ണുനാഥ്

Friday 11 June 2021 8:06 PM IST

ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ ചരമദിനം പാർട്ടി ആചരിക്കുന്നതിനെ വിമർശിച്ച് കോൺഗ്രസ് നേതാവും കുണ്ടറ എംഎൽഎയുമായ പി സി വിഷ്ണുനാഥ്. തന്റെ സോഷ്യൽ മീഡിയാ പേജ് വഴിയാണ് എംഎൽഎ വിമർശനവുമായി രംഗത്തുവന്നത്.

ടിപി വധക്കേസിലെ പങ്ക് തെളിയിക്കപ്പെട്ടത് മുതൽ കുഞ്ഞനന്തനെ വീരപുരുഷനായി സിപിഎം കൊണ്ടാടുകയാണെന്നും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാൻ ഗൂഢാലോചന നടത്തിയതിനെ പാർട്ടി മഹത്വവത്കരിക്കുകയാണെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തുന്നു.

കൊലയാളിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന സിപിഎം പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ചോദിച്ചുകൊണ്ടാണ് വിഷ്ണുനാഥ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് ചുവടെ:

'ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ കോടതി വിചാരണ നടത്തി വ്യക്തമായ പങ്ക് തെളിയിക്കപ്പെട്ടതിന്റെ പേരിൽ ശിക്ഷിച്ച പ്രതിയാണ് പി കെ കുഞ്ഞനന്തൻ.

കുഞ്ഞനന്തനെ അന്ന് മുതൽ വീരപുരുഷനായാണ് സി പി എം കൊണ്ടാടുന്നത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാൻ ഗൂഢാലോചന നടത്തിയതിനെ പാർട്ടി മഹത്വവത്കരിക്കുന്നു. ഇന്ന് കുഞ്ഞനന്തന്റെ ചരമദിനം പാർട്ടി സമുചിതമായ് ആചരിക്കുകയാണ്!

ഗൗരവം അത് മാത്രമല്ല; കുഞ്ഞനന്തൻ ഗൂഢാലോചനയാണ് നടത്തിയതെങ്കിൽ, കുറ്റകൃത്യം നേരിട്ട് നടത്തിയതിന് കോടതി ശിക്ഷിച്ച പ്രതി ഷാഫിയാണ് സ്മൃതി മണ്ഡപത്തിന് മുമ്പിൽ നിൽക്കുന്നത്.

കൊലപാതകികളെ വിഗ്രഹവത്കരിക്കുന്ന, കൊലയാളിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന സി പി എം പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്?'