പത്ത് വർഷത്തിനുശേഷം സജിതയെ കൺനിറയെ കണ്ട് മാതാപിതാക്കൾ

Saturday 12 June 2021 12:00 AM IST

നെന്മാറ: '' ഇത്രയും നാൾ ഒരു വിളിപ്പാടകലെ എന്റെ മകളുണ്ടായിരുന്നുവെന്ന് മനസിനെ വിശ്വസിപ്പിക്കാനാകുന്നില്ല. നീണ്ട പത്തുവർഷം ആരുമറിയാതെ അവൾ ഞങ്ങളെ കാണുന്നുണ്ടായിരുന്നു. വിശേഷങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു. പൊലീസ് വർഷങ്ങൾ അന്വേഷിച്ചിട്ടും മകളെ കണ്ടെത്താതെ വന്നപ്പോൾ ഏതെങ്കിലും നാട്ടിൽ ജീവിച്ചിരിപ്പുണ്ടാകുമെന്ന് സ്വയം സമാധാനിച്ചു..."

സജിതയുടെ അമ്മ ശാന്ത മകളെ കണ്ടശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോഴും അമ്പരപ്പ് മാറിയിട്ടില്ലായിരുന്നു. മകൾ തൊട്ടരികിൽ ഉണ്ടായിരുന്നിട്ടും കാണാൻ കഴിയാതിരുന്ന, എവിടെപ്പോയെന്ന ചിന്തയിൽ ഉരുകി ജീവിച്ച ശാന്തയും വേലായുധനും ഇന്നലെ രാവിലെയാണ് വിത്തിനശേരിയിലെ സജിതയുടെ വാടകവീട്ടിലെത്തിയത്.

പഴയ 18 വയസുകാരിയിൽ നിന്ന് ഒരുപാട് മാറിപ്പോയി. മേമയുടെ വീട്ടിലേക്ക് അമ്പലത്തിലെ പ്രസാദം കൊടുക്കാൻ പോയ കുട്ടിയുടെ മുഖമാണ് ഓർമ്മയിലുള്ളത്. ഈ ഒളിച്ചുകളി നേരത്തെ അവസാനിപ്പിക്കാമായിരുന്നുവെന്നും സജിതയുടെ മാതാപിതാക്കൾ പറഞ്ഞു.

ലോക്ഡൗണിൽ വരുമാനം നിലച്ചതും ഭക്ഷണത്തിന് ഉൾപ്പെടെ ബുദ്ധിമുട്ട് നേരിട്ടതുമാണ് സജിതയുടെ പതിറ്റാണ്ടു നീണ്ട ഒളിവുജീവിതം അവസാനിപ്പിച്ചത്. തന്റെ വീട്ടുകാരെ ഭയന്നാണ് സജിതയെ ഇത്രയുംകാലം വീട്ടിൽ ഒളിപ്പിച്ചത്. 10 വർഷമായി ഭാര്യയ്ക്ക് ആശുപത്രിയിൽ കൊണ്ടുപോകേണ്ട അസുഖങ്ങളൊന്നും വന്നിട്ടില്ല. പനിയും തലവേദനയും വരുമ്പോൾ പാരസെറ്റമോളും മറ്റും വാങ്ങി കൊടുക്കാറുണ്ട്. താൻ പട്ടിണികിടന്നാലും ഒരുനേരം പോലും സജിതയ്ക്ക് ഭക്ഷണം നൽകാതിരുന്നിട്ടില്ലെന്നും റഹ്‌മാൻ പറയുന്നു.

പത്തു വർഷം ഒരു മുറിയിൽ അടച്ചു പൂട്ടി കഴിഞ്ഞ അനുഭവം പറഞ്ഞു മനസിലാക്കാൻ കഴിയില്ല. ഭർത്താവ് തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ വീട്ടുകാർ വിളിച്ചിരുന്നു. ഇന്ന് അമ്മയെ കണ്ടപ്പോൾ സന്തോഷവും സമാധാനവുമായെന്ന് സജിതയും പറഞ്ഞു.

 വനിതാ കമ്മിഷൻ കേസെടുത്തു

പത്തുവർഷം പ്രണയിനിയെ ഒറ്റമുറിയിൽ ഒളിപ്പിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നെന്മാറ സി.ഐക്ക് കമ്മിഷൻ നിർദ്ദേശം നൽകി. യുവതിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്നും മികച്ച കൗൺസിലിംഗ് നൽകണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

Advertisement
Advertisement