തകർന്ന് തറയിൽ ഫിനാൻസ്, നിക്ഷേപകർക്ക് ഞെട്ടൽ

Saturday 12 June 2021 12:35 AM IST

പത്തനംതിട്ട: മാന്യമായ പെരുമാറ്റം, ഇടപാടിൽ വിശ്വസ്തത, കൃത്യ സമയത്ത് പലിശ... ഒാമല്ലൂരിലെ തറയിൽ ഫിനാൻസ് ഇങ്ങനെയാണ് വളർന്നത്. ഉടമ സജി സാമിന് നാൽപ്പത്തഞ്ചിൽ താഴെയാണ് പ്രായം. ഒാമല്ലൂരാണ് സ്വദേശമെങ്കിലും ജില്ലയിലെമ്പാടും വിപുലമായ സൗഹൃദ ബന്ധം. സുഹൃത്തുക്കളും ബന്ധുക്കളും അയൽക്കാരും വ്യാപാരികളുമൊക്കെ തറയിൽ ഫിനാൻസിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. എല്ലാം കൂടി നൂറ് കോടിയോളം രൂപ വരുമെന്നാണ് അനൗദ്യോഗിക കണക്ക്. ലഭിച്ച പരാതികളിൽ പറയുന്ന കണക്കുകൾ കൂട്ടിയാൽ തന്നെ 10 കോടിയോളം വരും. 1991ൽ ആരംഭിച്ച സ്ഥാപനം വിശ്വസ്തത നേടിയ ശേഷം അപ്രതീക്ഷിതമായി സ്ഥാപന ഉടമയും കുടുംബവും നാട് വിട്ടതിന്റെ ഞെട്ടലിലാണ് നിക്ഷേപകർ. അടൂർ, പത്തനാപുരം, ഒാമല്ലൂർ, പത്തനംതിട്ട ബ്രാഞ്ചുകൾ പൂട്ടി. സജി സാമിന്റെ ഒാമല്ലൂരിലെ മൂന്ന് നില വീട്ടിലും ആളില്ല. ബി.എം.ഡബ്ള്യു കാർ കാണാനില്ല. സജിയുടെ ഉടമസ്ഥതയിലുള്ള ഒാമല്ലൂരിലെ പെട്രോൾ പമ്പ് മറ്റൊരാൾ കരാർ വ്യവസ്ഥയിൽ നടത്തുകയാണ്.

കോടികളുടെ സാമ്പത്തിക ഇടപാട് നടത്തിയ സ്ഥാപനത്തിന്റെ ഉടമയാണെങ്കിലും ഇടപാടുകാരോട് ലാളിത്യത്തോടെ പെരുമാറി ഏവരുടെയും സുഹൃത്തായി മാറുകയായിരുന്നു സജി സാം.

പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി അൻപതോളം നിക്ഷേപകരാണ് പരാതിയുമായി എത്തിയത്.

വസ്തു വിറ്റ് കിട്ടിയതും സ്വർണം വിറ്റതുമൊക്കെയായി തറയിൽ ബാങ്കിൽ ലക്ഷങ്ങൾ നിക്ഷേപിച്ചവർ ഏറെ. അതേസമയം, കോടികൾ നിക്ഷേപിച്ചവർ പരാതിയുമായി എത്തിയിട്ടില്ല. ഇവരുടെ വരുമാന സ്രോതസ് വെളിപ്പെടുമെന്ന ആശങ്കയിലാണ് ഒഴിഞ്ഞു നിൽക്കുന്നത്. 13 മുതൽ 15 ശതമാനം വരെയാണ് തറയിൽ ഫിനാൻസ് പലിശ നൽകിക്കൊണ്ടിരുന്നത്. ഇത് റിസർവ് ബാങ്ക് മാനദണ്ഡങ്ങളുടെ ലംഘനമാണ്. ഒരു ബാങ്കും ഇത്രയും തുക പലിശ നൽകുന്നില്ല.

മാനേജരുടെ 75 ലക്ഷം പോയി

തറയിൽ ഫിനാൻസ് ഒാമല്ലൂർ ശാഖയുടെ മാനേജർക്ക് നഷ്ടമായത് 75 ലക്ഷത്തിന്റെ നിക്ഷേപമാണ്. സ്ഥാപനം ഉടമ സജി സാമിന്റെ വിശ്വസ്തനായിരുന്നു ഇദ്ദേഹം. ഇടപാടുകാർ ഫോൺ വിളിച്ചാൽ സജി സാം അറ്റൻഡ് ചെയ്തില്ലെങ്കിലും മാനേജർ വിളിച്ചാൽ അപ്പോൾ ഫോണെടുക്കുമായിരുന്നു. സജി സാം മുങ്ങിയ ശേഷം മാനേജരുടെ ഫോണും അറ്റൻഡ് ചെയ്തിരുന്നില്ല.

പോപ്പുലറിൽ തറയിലിന്റെ നിക്ഷേപം?

രണ്ടായിരം കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടന്ന പോപ്പുലർ ഫിനാൻസിൽ തറയിൽ ഉടമ സജി സാം നിക്ഷേപം നടത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. പണം സജിയുടെ സ്വന്തമാണോ തറയിലിലെ നിക്ഷേപകരുടെ ആണോയെന്നു വ്യക്തമല്ല. പോപ്പുലർ പൂട്ടിയ ശേഷം തറയിൽ ഫിനാൻസിലെ നിക്ഷേപകർ പണം പിൻവലിക്കാനെത്തി. അവരുടെ തുക കൃത്യമായി കൊടുത്തു തീർത്തുവെന്നും പറയപ്പെടുന്നു.

ഗൾഫിൽ നിന്ന് സമ്പാദിച്ചതു മുതൽ

കല്യാണത്തിന് കരുതിയത് വരെ...

ഗൾഫിലുണ്ടായ അപകടത്തിൽ അരയ്ക്ക് താഴെ തകർന്ന് നട്ടിലെത്തിയ ഒാമല്ലൂർ സ്വദേശി ഏഴ് ലക്ഷം രൂപ ഏഴു വർഷം മുൻപാണ് തറയിൽ ഫിനാൻസിൽ നിക്ഷേപിച്ചത്. തന്റെയും കാൻസർ രോഗിയായ ഭാര്യയുടെയും ഭാരിച്ച ചികിത്സാ ചെലവിന് ഇൗ തുകയിൽ നിന്നുള്ള പലിശയും ഉപയോഗിച്ചിരുന്നു. ഇതിനൊപ്പം സ്ഥലം വിറ്റ പണവും ഉയർന്ന പലിശയെന്ന മോഹന വലയത്തിൽ വീണ് തറയിൽ ഫിനാൻസിൽ നിക്ഷേപിച്ചിരുന്നു. എല്ലാം നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് അറുപതുകാരൻ.

മകളുടെ കല്ല്യാണത്തിന് സ്വരുക്കൂട്ടിയ തുക തറയിൽ ഫിനാൻസിൽ നിക്ഷേപിച്ച വീട്ടമ്മയും പരാതിയുമായി എത്തി. പെൻഷൻ തുക നിക്ഷേപിച്ചവരും പരാതിക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു.

സമ്പന്ന കുടുംബം

ഒാമല്ലൂരിലെ സമ്പന്ന കുടുംബമാണ് തറയിൽ. മാതാപിതാക്കൾ മരണപ്പെട്ട സജി സാമിന് അമേരിക്കയിൽ വൻ ബിസിനസും ഉദ്യോഗവുമുള്ള സഹോദരങ്ങളുമുണ്ട്. സജി സാമിന്റെ ഒരു സഹോദരനും തറയിൽ ഫിനാൻസിൽ നിക്ഷേപമുണ്ടായിരുന്നു. പോപ്പുലർ ഫിനാൻസ് പൊട്ടിയതിന് പിന്നാലെ ഇയാൾ തറയിൽ ഫിനാൻസിൽ നിന്ന് കോടികൾ പിൻവലിച്ചു.

Advertisement
Advertisement