ഭാര്യയുടെ ഒത്താശയോടെ പുനർവിവാഹം, 30 പവനും 28 ലക്ഷവും തട്ടിയ യുവാവ് പടിയിൽ

Saturday 12 June 2021 12:08 AM IST

മാവേലിക്കര: ഭാര്യയുടെ അറിവോടെ പത്രത്തിൽ പുനർവിവാഹ പരസ്യം നൽകി വിവാഹിതനായശേഷം 'നവവധു'വിൽ നിന്ന് ഏഴു മാസത്തിനിടെ 30 പവനും 28 ലക്ഷം രൂപയും തട്ടിയെടുത്ത യുവാവ് പിടിയിൽ. കോട്ടയം ചെങ്ങളം ഈസ്റ്റ് കാ‍ഞ്ഞിരമറ്റം കിഴക്കേമുറി കെ.കെ.മനീഷിനെയാണ് (36) മാവേലിക്കര പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഈ സമയം ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ആദ്യ ഭാര്യയെയും കേസിൽ പ്രതിചേർത്തു.

പൊലീസ് പറയുന്നത്. ബഹ്റൈനിൽ ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശിനി ജില്ലാ പൊലീസ് മേധാവി എസ്.ജയദേവിന് ഇ മെയിലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിന്റെ മൊഴിയെടുത്ത് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. യുവതി ആദ്യ വിവാഹബന്ധം വേർപെടുത്തിയിരുന്നു. മനീഷ് നൽകിയ പുനർവിവാഹ പരസ്യം കണ്ട് നടത്തിയ അന്വേഷണത്തിൽ, തനിക്ക് ഓട്ടോമൊബൈൽ ബിസിനസാണെന്നും എൻജിനീയറിംഗ് വരെ പഠിച്ചിട്ടുണ്ടെന്നും ആദ്യ ഭാര്യ മരിച്ചെന്നുമാണ് ഇയാൾ പറഞ്ഞത്. 2020 ഒക്ടോബർ 27ന് കായംകുളത്തിന് സമീപത്തെ ഒരു ക്ഷേത്രത്തിൽ വിവാഹം നടന്നു.

സ്വന്തം വീടെന്ന് വിശ്വസിപ്പിച്ച് തലയോലപ്പറമ്പിലെ ഒരു വീട്ടിൽ ഇരുവരും ഒരു മാസം താമസിച്ചു. പിന്നീട് ബഹ്റൈനിലേക്ക് പോയ യുവതി കഴിഞ്ഞ മാസം മനീഷിനെയും അവിടേക്ക് കൊണ്ടുപോയി. ജോലി ശരിയാക്കിയെങ്കിലും മനീഷ് ഇന്റർവ്യൂവിന് പോകാതെ ഒഴിഞ്ഞുമാറിയതിൽ സംശയം തോന്നിയ യുവതി നാട്ടിൽ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ആദ്യ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നും വിവാഹമോചനം നടത്തിയിട്ടില്ലെന്നും മനസിലായി.

തുടർന്ന് എംബസിയുമായി ബന്ധപ്പെട്ട് മനീഷിനെ നാട്ടിലേക്കയച്ചു. ഇതിനു ശേഷമാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി അയച്ചത്. സ്വർണ്ണവും പണവും തട്ടിയെടുത്തതായും പരാതിയിൽ പറയുന്നതായി പൊലീസ് വിശദീകരിച്ചു. സി.ഐ ജി.പ്രൈജു, എസ്.ഐ എസ്.മിനുമോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൻ.സുധി, എസ്.ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കോട്ടയത്തെ വീട്ടിൽ നിന്നു മനീഷിനെ അറസ്റ്റ് ചെയ്തത്.