ഹെപ്പറ്റൈറ്റിസ് വാക്സിൻ ക്രമക്കേട്: വിജിലൻസ് വിധി റദ്ദാക്കി, ഡോ. രാജനും ഡോ. ഷൈലജയും കുറ്റവിമുക്തർ

Saturday 12 June 2021 12:25 AM IST

കൊച്ചി: വൻതോതിൽ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിൻ വാങ്ങിക്കൂട്ടി സർക്കാരിന് 1.49 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ വിജിലൻസ് കോടതി ശിക്ഷിച്ച ഒന്നും രണ്ടും പ്രതികളായ മുൻ ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ. വി.കെ. രാജൻ, തിരുവനന്തപുരം മുൻ ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. ഷൈലജ എന്നിവരെ ഹൈക്കോടതി ശിക്ഷ റദ്ദാക്കി വെറുതേ വിട്ടു.

2002-03 കാലഘട്ടത്തിൽ അടിയന്തരസാഹചര്യമില്ലാതിരുന്നിട്ടും വൻതോതിൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയെന്ന് കണ്ടെത്തിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി 2017 ൽ ഇവർക്ക് അഞ്ചു വർഷം കഠിനതടവും 52 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇതിനെതിരെ ഡോ. രാജനും ഡോ. ഷൈലജയും നൽകിയ അപ്പീൽ പരിഗണിച്ച ജസ്റ്റിസ് ആർ. നാരായണ പിഷാരടി ഇവർക്കെതിരെ ചുമത്തിയ ഗൂഢാലോചന, അനധികൃത സാമ്പത്തിക നേട്ടം തുടങ്ങിയ കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വിലയിരുത്തി.
ഡോ. രാജനും ഡോ. ഷൈലജയും ആരോഗ്യവകുപ്പിലെ സ്റ്റോർ സൂപ്രണ്ടന്റായിരുന്ന അഗസ്റ്റിൻ തോമസ് ഉൾപ്പെടെ മറ്റു മൂന്നു പ്രതികളുമായി ഗൂഢാലോചന നടത്തി വാക്സിൻ വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. അഗസ്റ്റിൻ തോമസ് പിന്നീട് മരിച്ചു.

പ്രത്യേക സാഹചര്യത്തിൽ മാത്രം വാക്സിൻ വാങ്ങിയാൽ മതിയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ വിജിലൻസ് ഹാജരാക്കിയില്ലെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.

Advertisement
Advertisement