ഇനി യൂറോ വാർ !

Saturday 12 June 2021 3:38 AM IST

കൊവിഡിൽ വിറങ്ങിലിച്ചു നിൽക്കുന്ന മൈതാനങ്ങൾക്ക് പുതുജീവനായി യൂറോകപ്പിന്റെ പതിനാറാം എഡിഷന് തുടക്കമായി. ഇന്ന് മൂന്ന് മത്സരങ്ങളാണ് ഉള്ളത്.

റഷ്യൻ വിപ്ലവത്തിന് ബൽജിയം

ലോകറാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ബൽജിയത്തിന് ഗ്രൂപ്പ് ബിയിൽ അവരുടെ ഉദ്ഘാടന മത്സരത്തിൽ റഷ്യയാണ് എതിരാളികൾ. ഇതുവരെ യൂറോകപ്പ് നേടാനാകാത്തതിന്റെ കണക്ക് തീർക്കാനാണ് ഇത്തവണ ബൽജിയം ബൂട്ടു കെട്ടുന്നത്. മറുവശത്ത് യുവരക്തങ്ങളുടെ മികവിൽ പടയോട്ടം നടത്താനാണ് റഷ്യ ഒരുങ്ങുന്നത്. റഷ്യയിലെ ക്രിസ്റ്രോവ്സ്കി സ്റ്രേഡിയത്തിൽ രാത്രി 12.30 മുതലാണ് മത്സരം.

മുഖാമുഖം

ഇതുവരെ ഏഴ് തവണയാണ് ബൽജിയവും റഷ്യയും മുഖാമുഖം വന്നത്. അതിൽ അഞ്ചിലും ബൽജിയം ജയിച്ചു. രണ്ട് മത്സരങ്ങൾ സമനിലയുമായി. 2019ലാണ് ഇരുടീമും അവസാനം നേർക്കുനേർ വന്നത്. അതിൽ 4-1നാണ് ബൽജിയം ജയിച്ചത്.

ഡിബ്രൂയിൻ ഇല്ല

പരിക്കിനെത്തുടർന്ന് ചെറിയ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരിക്കുന്ന പ്ലേമേക്കർ കെവിൻ ഡി ബ്രൂയിനെ ഇന്ന് ബൽജിയൻ നിരയിൽ ഇല്ലാത്തത് അവർക്ക് തിരിച്ചടിയാണ്. ഡിബ്രൂയിനെയും പരിക്കിന്റെ പിടിയിലുള്ള മറ്റൊരുതാരമായ അക്സൽ വിത്സലും ഇന്ന് റഷ്യയിലേക്ക് പോകുന്നില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു.

അതേസമയം ലുകാകുവും ഹസാർഡുമാരും കരാസ്കോയും കൗർട്ടോയിസുമെല്ലാം ഉൾപ്പെടുന്ന ബൽജിയൻ നിരജയിച്ചു കയറുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

റഷ്യൻനിരയിൽ കൊവിഡ് ഭീഷണി

യുവ വിംഗർ ആന്ദ്രേ മോസ്തോവോയി കൊവിഡ് ടെസ്റ്റിൽ പോസിറ്റീവായത് റഷ്യൻ ക്യാമ്പിൽ തലവേദനയായിട്ടുണ്ട്. അദ്ദേഹത്തിന് പകരം പ്രതിരോധ താരം റോമൻ യെഗൻയേവിനെ റഷ്യൻ മാനേജ്മെന്റ് ടീമിൽ ഉൾപ്പെടുത്തി.

മിറാൻസുക്കും ഗോൾവിനും സ്യൂബയുമെല്ലാം ഫോമിലായാൽ റഷ്യ വൻ ശക്തിയാകും.

വേ​ൽ​സ് ​V​s​ ​സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ അസർബൈജാനിലെ ബാകുവിൽ ഗാരത് ബെയ്ലിന്റെ വേൽസും ഷർദാൻ ഷക്കീരിയുടെ സ്വിറ്റ്‌സർലൻഡും തമ്മിൽ ഏറ്രുമുട്ടും. ഇന്ത്യൻസമയം വൈകിട്ട് 6.30നാണ് മത്സരത്തിന്റെ കിക്കോഫ്. കഴിഞ്ഞ യൂറോയിൽ സെമിയിൽ എത്തിയ ടീമാണ് വേൽസ്. മറുവശത്ത് സ്വിറ്റ്‌സർലൻഡ് മികച്ച പ്രതിരോധത്തിന് പേരുകേട്ട ടീമാണ്. വേൽസിന്റെ മുന്നേറ്റ നിരയും സ്വിറ്റ്‌സർലൻഡിന്റെ പ്രതിരോധവും തമ്മിലുള്ള മത്സരമാണെന്നാണ് വിദഗ്ദധരുടെ വിധിയെഴുത്ത്.

ഇതുവരെ മുഖാമുഴം വന്ന 8 മത്സരങ്ങളിൽ ആറിലും സ്വിറ്ര്‌സർലൻ‌ഡിനായിരുന്നു വിജയം. രണ്ട് തവണ വേൽസ് വിജയം നേടി. ഇരുടീമും തമ്മിൽ ഏറ്രുമുട്ടിയിട്ട് പത്ത്‌വർഷത്തോളമാകുന്നു.

ബെയ്ലും അലനുമാണ് വേൽസിന്റെ ചാലക ശക്തികൾ.

അവസാനം കളിച്ച 6 മത്സരങ്ങളിലും വിജയം നേടിയാണ് സ്വിറ്റ്‌സർലൻഡ് യൂറോയ്ക്ക് എത്തിയിരിക്കുന്നത്

ഷക്കീരിയും ഗ്രാനിറ്ര് ഷാക്കയുമാണ് സ്വിറ്റ്‌സർലൻഡിന്റെ എൻജിൻ

ഡെൻമാർക്കിന് ഫിൻലൻഡ് വെല്ലുവിളി

ക്രിസ്റ്റ്യൻഎറിക്സണെന്ന സൂപ്പർ പ്ലേമേക്കറിന്റെ ചിറകിലേറിയെത്തുന്ന ഡെൻമാർക്കിന് ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തിൽ ഫിൻലൻഡാണ് എതിരാളികൾ. ഡെൻമാർക്കിലെ പാർക്കേൻ സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം 9.30 മുതലാണ് പോരാട്ടം.

എറിക്സണൊപ്പം ലെസ്റ്ററിന്റെ സൂപ്പർ ഗോളി ഷ്മൈക്കൽ,​ ക്രിസ്റ്റ്യൻസൺ,​ ക്രാർ,​ ബ്രാത്ത്‌വെയ്റ്റ് തുടങ്ങിയ സൂപ്പർ താരങ്ങൾ ഡെൻമാർക്കിന് കരുത്തായുണ്ട്.

ആദ്യമായി ഒരു പ്രധാന ടൂർണമെന്റിനെത്തുന്ന ഫിൻലൻഡിന്റെ വലിയ പ്രതീക്ഷ ടിമു പുക്കിയെന്ന ഗോളടിയന്ത്രമാണ്. നോർവിച്ച് സിറ്രിയിലെ മികവ് പുക്കി പുറത്തെടുത്താൽ ഫിൻലൻഡ് കുതിക്കും,.

ടിവിലൈവ്: സോണി ചാനലുകളിൽ

ലൈവ് സ്ട്രീമിംഗ് സോണിലൈവിൽ