പരിശോധന കര്‍ശനമാക്കാൻ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിര്‍ദേശം; രണ്ട് ദിവസം നിയന്ത്രണങ്ങൾ കടുക്കും...

Saturday 12 June 2021 6:56 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍. പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ നഗര-ഗ്രാമ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. റോഡുകളില്‍ പരിശോധന കര്‍ശനമാക്കാൻ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹോട്ടലുകളിൽ പാഴ്‌സൽ നേരിട്ടു വാങ്ങുന്നത് അനുവദിക്കില്ല. എന്നാല്‍ ഹോം‍ഡെലിവറിക്ക് അനുവാദമുണ്ട്. ഭക്ഷ്യോ‍ൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ, മാംസ വിൽപന ശാലകൾ, കള്ളു ഷാപ്പുകൾ, ബേക്കറികൾ എന്നിവ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം.

നിർമ്മാണ മേഖലയിലുള്ളവർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. ആളകലം പാലിച്ചില്ലെങ്കില്‍ കേസുടുക്കും. കെ എസ് ആര്‍ ടി സിയും രണ്ട് ദിവസം സര്‍വീസ് നടത്തില്ല.