സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടുന്നു; നാല് ജില്ലകളിൽ ഇന്ന് കനത്ത മഴ, കാറ്റിനും സാദ്ധ്യത

Saturday 12 June 2021 12:16 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടർ‌ന്ന് മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് എന്നീ വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കാലവർഷം ശക്തിപ്പെടുന്നതിന്‍റെ സൂചന നൽകി കൊച്ചിയിൽ രാവിലെ മുതൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. നാളെ മുതൽ മൂന്ന് ദിവസത്തേക്ക് എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തും വിവിധ ഭാഗങ്ങളിൽ രാവിലെ മുതൽ നേരിയ മഴ പെയ്യുന്നുണ്ട്.

കേരള, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതൽ ചൊവ്വ വരെയുള്ള ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാലവർഷം ശക്തിപ്രാപിക്കുന്നതോടെ കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്ക് ദിവസവും 200 രൂപയും ഭക്ഷ്യകിറ്റും നൽകുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു.