കാലവർഷം കനിയുന്നില്ല; കനാൽ തുറക്കണമെന്ന് കർഷകർ

Sunday 13 June 2021 12:24 AM IST
ഡേയ്ഞ്ച വളർന്ന് നിൽക്കുന്ന നല്ലേപ്പിള്ളി പാടശേഖരം.

ചിറ്റൂർ: കാലവർഷം ശക്തമാകാത്തതിനാൽ ഒന്നാംവിള കൃഷി ആവശ്യത്തിന് ചിറ്റൂർപുഴ ജലസേചന പദ്ധതിയിലെ തേമ്പാർമട കനാൽ തുറക്കണമെന്ന ആവശ്യം ശക്തമായി. ഞാറുപാകി ഒരു മാസത്തിലേറെയായി. പല പാടങ്ങളിലും ഡെയ്ഞ്ച വളച്ചെടി ഒരാൾ പൊക്കത്തിൽ വളർന്ന് പൂത്തു.

മഴ ലഭിക്കാത്തതിനാൽ പാടങ്ങൾ ഉഴുതുമറിച്ച് കൃഷിപ്പണി തുടങ്ങാനായിട്ടില്ല. അതുകൊണ്ട് തന്നെ മെയിൻ കനാലിലൂടെ ഉടൻ ജലവിതരണം നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. തേമ്പാർമട മെയിൻ കനാലിന് കീഴിലുള്ള നിരവധി ബ്രാഞ്ചുകനാലുകൾ ഒരാഴ്ച കഴിഞ്ഞ് തുറക്കും. ഇവ ഒരുമിച്ച് തുറന്നാൽ നിലം ഉഴുത് മറിക്കാനുള്ള ട്രാക്ടർ, ട്രില്ലർ എന്നിവ സമയത്തിന് എല്ലാവർക്കും ലഭിക്കാതെ വരും.

ഞാറ് പറിക്കാനും നടീലിനും തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യമുണ്ടാകും. ലേക്ഡൗൺ കാരണം തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികൾക്കും വരാൻ സാധിക്കില്ല. ഒരാഴ്ച കഴിഞ്ഞ് ജലവിതരണം ആരംഭിച്ചാൽ തന്നെ നടീൽ തീരാൻ രണ്ടാഴ്ചയെടുക്കും. അപ്പോഴേക്കും ഞാർ മൂപ്പെത്തും. അത് വിളവ് കുറയാനും ഇടയാക്കും. ഡെയ്ഞ്ച വിതച്ച പാടങ്ങൾ ഇടവിട്ട് രണ്ടുപ്രാവശ്യം ഉഴുതുമറിക്കണം.

ഈ പ്രയാസങ്ങളൊന്നും മനസിലാക്കാതെയാണ് വിളവിറക്കുന്ന സമയത്ത് വെള്ളം ലഭ്യമാക്കാതെ കർഷകരെ ബുദ്ധിമുട്ടിക്കുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

മെയിൻ കനാലിലെ നവീകരണം താൽക്കാലികമായി നിറുത്തി ജല വിതരണം നടത്തണം. രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും കനാൽ പണി തുടരുന്ന കരാറുകാരുടെ താല്പര്യങ്ങൾക്ക് നിന്ന് കൊടുക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്. ഇതിന് മാറ്റം വരുത്തി ഉദ്യോഗസ്ഥർ കർഷകർക്കൊപ്പം നിൽക്കണം.

-വി.രാജൻ,​ പ്രസിഡന്റ്,​ കേരളകർഷക സംഘം നല്ലേപ്പിളളി-ഒന്ന് കമ്മിറ്റി.

Advertisement
Advertisement