സ്വർണക്കടത്ത് കേസ്: ജുഡിഷ്യൽ കമ്മിഷനെതിരെ ഇ.ഡി.ഹൈക്കോടതിയിലേക്ക്

Sunday 13 June 2021 1:56 AM IST

കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരുകൾ ഉൾപ്പെടുത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ഗൂഢാലോചന നടത്തിയെന്ന പ്രതികളുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ സർക്കാർ ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചതിനെതിരെ ഇ.ഡി (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്‌) ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിക്കുന്നു. ഡൽഹിയിൽ നിന്ന് ഉടൻ അനുമതി ലഭിക്കുമെന്ന്

കൊച്ചിയിലെ ഇ.ഡി അധികൃതർ പറഞ്ഞു.

മുൻ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് വി.കെ. മോഹനനെ കമ്മിഷനായി നിയോഗിച്ച് സർക്കാർ മേയ് ഏഴിന് വിജ്ഞാപനം ഇറക്കുകയും, ജൂൺ 11ന് പ്രവർത്തനം തുടങ്ങിയ കമ്മിഷൻ തെളിവെടുപ്പിന് കഴിഞ്ഞ ദിവസം പത്രപരസ്യം നൽകുകയും ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തരമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ജൂൺ 26വരെയാണ് കമ്മിഷൻ തെളിവെടുപ്പ് നടത്തുന്നത്.

നയതന്ത്ര ചാനൽ വഴി സ്വർണക്കടത്തു നടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് കേസിൽ പ്രതിയായ സ്വപ്‌ന സുരേഷ് പറയുന്ന വോയ്സ് ക്ളിപ്പും മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരുകൾ പറയാൻ ഇ.ഡി നിർബന്ധിച്ചെന്നു കാണിച്ച് മറ്റൊരു പ്രതി സന്ദീപ് നായർ കോടതിക്ക് എഴുതിയ കത്തുമാണ് ജുഡിഷ്യൽ അന്വേഷണത്തിനു വഴി തെളിച്ചത്.

2020 ജൂലായ് മുതൽ വിവിധ കേന്ദ്ര ഏജൻസികൾ നടത്തിവരുന്ന അന്വേഷണങ്ങൾ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വസ്തുനിഷ്ഠമായി പരിശോധിച്ചു റിപ്പോർട്ട് നൽകാനാണ് കമ്മിഷനെ നിയോഗിച്ചതെന്ന് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.

ആ നിലയ്ക്ക് സ്വർണക്കടത്തു കേസിലെ മുഴുവൻ അന്വേഷണവും ജുഡിഷ്യൽ കമ്മിഷന്റെ അന്വേഷണ പരിധിയിൽ വരുമെന്നും അത് കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇ.ഡി പറയുന്നു.

പ്രതികരിക്കുന്നില്ല

ജൂൺ 11ന് വിജ്ഞാപനം പ്രാബല്യത്തിൽ വന്നതു മുതൽ ഒാഫീസ് പ്രവർത്തിച്ചു തുടങ്ങി. കമ്മിഷനെ നിയമിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന വാർത്ത കണ്ടു. നിലവിലെ സാഹചര്യത്തിൽ പ്രതികരിക്കുന്നില്ല.

-ജസ്റ്റിസ് മോഹനൻ

Advertisement
Advertisement