മുട്ടിൽ മരംമുറിക്കൽ: അന്വേഷണ സംഘത്തെ ശ്രീജിത്ത് നയിക്കും

Sunday 13 June 2021 1:14 AM IST

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കൽ കേസ് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അന്വേഷിക്കും. ക്രൈം ബ്രാഞ്ച്, വിജിലൻസ്, വനം പ്രതിനിധികൾ ഉൾപ്പെടുന്ന സംയുക്ത അന്വേഷണമാണ് നടക്കുക. ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.

സംയുക്ത അന്വേഷണത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്. മരംമുറിക്കൽ നടന്ന ജില്ലകളിൽ ശ്രീജിത്ത് ഉടൻ സന്ദർശനം നടത്തും. വനം-വിജിലൻസ് ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തും. മികച്ച ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിലേക്ക് നൽകാൻ വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറി ഉത്തരവ് നൽകി.

സംസ്ഥാനത്ത് വ്യാപകമായി മരം മുറിച്ചെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണത്തിന് തീരുമാനിച്ചത്. മരം മുറിക്കലിൽ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നും മോഷണം നടന്നിട്ടുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. അതും അന്വേഷിക്കും.

Advertisement
Advertisement