മരംമുറിക്കൽ വിവാദം അടഞ്ഞ അദ്ധ്യായമെന്ന് വിലയിരുത്തി സി.പി.എമ്മും സി.പി.ഐയും

Sunday 13 June 2021 12:00 AM IST

തിരുവനന്തപുരം: പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുമതി നൽകി റവന്യു വകുപ്പ് കഴിഞ്ഞ വർഷം ഇറക്കിയ ഉത്തരവിനെ ചൊല്ലിയുയർന്ന വിവാദം അടഞ്ഞ അദ്ധ്യായമെന്ന് വിലയിരുത്തി സി.പി.എമ്മും സി.പി.ഐയും.

വിവിധ കർഷകസംഘടനകളിൽ നിന്നും എം.എൽ.എമാരിൽ നിന്നുമടക്കം ആവശ്യമുയർന്നതോടെയാണ്, മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചതും റവന്യു വകുപ്പ് ഉത്തരവിറക്കിയതും. കർഷകസംഘടനകൾ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു അത്. ഇക്കാര്യത്തിൽ ഭരണ, പ്രതിപക്ഷ കക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ലായിരുന്നുവെന്നാണ് പറയുന്നത്. പരിസ്ഥിതി സംഘടനകൾ അന്നേ ആശങ്കകൾ ഉയർത്തിയതിനു പിന്നാലെയാണ്, വ്യാപകമായ മരംമുറി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ ഉത്തരവ് സർക്കാർ റദ്ദാക്കി. വിവാദമായപ്പോൾ ഉത്തരവിന്റെ പേരിൽ റവന്യുവകുപ്പിനെ പഴിചാരുകയാണെന്നാണ് വിലയിരുത്തൽ.

എല്ലാവരും കൂടിയാലോചിച്ചെടുത്ത തീരുമാനമെന്നതിൽ കവിഞ്ഞ് ഇതിൽ അന്നത്തെ റവന്യുമന്ത്രിക്കോ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കോ പ്രത്യേകിച്ച് താത്പര്യങ്ങളൊന്നുമില്ലായിരുന്നു. വനം, റവന്യു വകുപ്പുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോഴുയർന്ന് വന്നിരിക്കുന്ന വിവാദങ്ങൾ. രണ്ടും ഒന്നാം പിണറായി സർക്കാരിൽ സി.പി.ഐ കൈകാര്യം ചെയ്ത വകുപ്പുകളാണെന്നതാണ് ആ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്. ഇക്കാര്യത്തിൽ സി.പി.ഐക്ക് മാത്രമായൊരു താത്പര്യമില്ലായിരുന്നുവെന്ന നിഗമനത്തിലാണ് ഇടതുമുന്നണി നേതൃത്വം. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയെയും തൽക്കാലം മാറ്റാനിടയില്ല. സി.പി.എമ്മും സി.പി.ഐയും തമ്മിലുണ്ടായ ഉഭയകക്ഷി ചർച്ചയുടെ കൂടി അടിസ്ഥാനത്തിലാണ്, മരംമുറിക്കേസിൽ ക്രൈംബ്രാഞ്ചിനെയടക്കം ഉൾപ്പെടുത്തി ശക്തമായ അന്വേഷണത്തിന് തീരുമാനിച്ചിട്ടുള്ളത്.

അതേസമയം, വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ ചില പ്രതികരണങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ, തത്ക്കാലം കൂടുതൽ വിവാദത്തിന് നിൽക്കേണ്ട എന്ന നിഗമനത്തിലാണ് സി.പി.എമ്മും സി.പി.ഐയും.

 ബുദ്ധിമുട്ടുകൾ വനം സെക്രട്ടറി

റവന്യുവകുപ്പിനെ അറിയിച്ചിരുന്നുവെന്ന് ശശീന്ദ്രൻ

പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനായി ഇറക്കിയ വിവാദ ഉത്തരവിലെ ബുദ്ധിമുട്ടുകൾ വനം വകുപ്പ് സെക്രട്ടറി റവന്യു വകുപ്പിനെ അറിയിച്ചിരുന്നുവെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഉത്തരവിലെ അപാകതകൾ പല തലത്തിൽ സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. അങ്ങനെ വന്നപ്പോഴാണ് റവന്യുവകുപ്പിന്റെ ശ്രദ്ധയിലേക്ക് വനംവകുപ്പ് വിഷയം കൊണ്ടുവന്നത്.

വനം, റവന്യു വകുപ്പുകൾ തമ്മിൽ ഇക്കാര്യത്തിൽ മന്ത്രിതല ചർച്ച നടത്തിയിരുന്നുവെങ്കിലും വിവാദ ഉത്തരവിറങ്ങും മുമ്പ് ഇടതുമുന്നണിയിൽ ഇത് ചർച്ച ചെയ്തിട്ടില്ല. കേരളത്തിൽ ഈ ഉത്തരവിന്റെ മറവിൽ മരം മുറിച്ചു മാറ്റിയതൊന്നും വനഭൂമിയിൽ നിന്നല്ല. റവന്യുഭൂമിയിൽ നിന്ന് മാത്രമാണ് മരം മുറിച്ചത്. വനംവകുപ്പിന്റെ വിജിലൻസ് വിഭാഗം ശക്തിപ്പെടുത്തുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തന്നിഷ്ടം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement