84 തേക്കുമരങ്ങൾ മുറിച്ചു കടത്തി: 2 പേർ അറസ്റ്റിൽ

Saturday 12 June 2021 10:31 PM IST

തൃശൂർ: പട്ടിക്കാട് റേഞ്ചിലെ പൂമല ആലുംകുന്നിലെ പട്ടയഭൂമിയിൽ നിന്ന് 84 തേക്കുമരങ്ങൾ അനധികൃതമായി മുറിച്ചുകടത്തിയ സംഭവത്തിൽ പൂമല പുതുശേരി വീട്ടിൽ സണ്ണി, മുല്ലശേരി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജോൺ റാഫി എന്നിവരെ അറസ്റ്റ് ചെയ്തു. 64 തേക്കിൻതടികൾ കണ്ടെടുത്തു. ബാക്കിയുള്ള തടികൾ വിറ്റതായാണ് വിവരം. സർക്കാർ കണക്കിൽ ഒന്നിന് ഏതാണ്ട് 2.95 ലക്ഷം വില വരും. സ്വകാര്യ വിപണിയിൽ വൻ തുക കിട്ടും.

കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് സൂചന. പട്ടിക്കാട് ഡപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, ചിലയിടങ്ങളിൽ പട്ടയഭൂമിയിലെ മരംമുറിക്കാൻ കിട്ടിയ പാസിന്റെ മറവിൽ പട്ടയമില്ലാത്ത ഭൂമിയിലെ മരങ്ങളും മുറിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മരംമുറി കണ്ടെത്താൻ ഉദ്യോഗസ്ഥർ റൂട്ട് പട്രോളിംഗ് നടത്താൻ തീരുമാനിച്ചിരുന്നു.