കൊവിഡ് കാലത്തും മികച്ച തൊഴിലവസരങ്ങളൊരുക്കി എസ്.ആർ.എം

Sunday 13 June 2021 1:24 AM IST

ചെന്നൈ : കൊവിഡ് വ്യാപന പ്രതിസന്ധിയിലും കാമ്പസ് നിയമനത്തിന്റെ ആത്മവിശ്വാസവുമായി എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസസ് ആൻഡ് ടെക്‌നോളജി. പ്രമുഖ ഐ.ടി. കമ്പനികൾ അടക്കം 600ലേറെ കമ്പനികളാണ് കാമ്പസ് നിയമനത്തിനായി ഈ വർഷം അഭിമുഖം നടത്തിയത്. ഇതിൽ 7,111 വിദ്യാർത്ഥികൾക്ക് മികച്ച ജോലി വാഗ്ദാനം ലഭിച്ചു. ഓൺലൈൻ വഴിയായിരുന്നു അഭിമുഖങ്ങൾ. ഈമാസവും കൂടുതൽ കമ്പനികൾ എത്തുമെന്നും മികച്ച ജോലിവാഗ്ദാനങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്നുമാണ് വിലയിരുത്തൽ.

ബംഗളൂരു ആസ്ഥാനമായ വർക്ക് ഇന്ത്യ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് സർവീസിൽ പ്രതിവർഷം 35 ലക്ഷം രൂപ ശമ്പളത്തോടെയുള്ള ജോലിയാണ് ഏറ്റവും കൂടിയ ശമ്പളത്തോടെയുള്ള വാഗ്ദാനം. അഞ്ച് ലക്ഷത്തിന് മുകളിൽ പ്രതിവർഷം ലഭിക്കുന്ന 2,000 ജോലി വാഗ്ദാനങ്ങൾ ലഭിച്ചു. കൊഗ്നിസന്റ് 1018 പേർക്കും ടി.സി.എസ്. 983 പേർക്കും വിപ്രോ 634 പേർക്കും ഇൻഫോസിസ് 602 പേർക്കും ജോലി വാഗ്ദാനം ചെയ്തു. എസ്.ആർ.എം. ചെന്നൈ കാട്ടാൻകുളത്തൂർ കാമ്പസിന്റെ നേതൃത്വത്തിൽ നടത്തിയ റിക്രൂട്ട്മെന്റ് പരിപാടിയിൽ മോഡിനഗർ, രാമപുരം, വടപളനി കാമ്പസുകളിലെ വിദ്യാർത്ഥികളും പങ്കെടുത്തെന്ന് എസ്.ആർ.എമ്മിലെ കരിയർ സെന്റർ ഡയറക്ടർ എൻ.വെങ്കട്ടശാസ്ത്രി പറഞ്ഞു. എസ്.ആർ.എമ്മിലെ വിദ്യാർത്ഥികളുടെ മികച്ച ഗുണനിലവാരമാണ് ഉന്നത കമ്പനികളെ കാമ്പസിലേക്ക് ആകർഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.