ജലസമാധിയിൽ ജലഗതാഗതം 

Saturday 12 June 2021 11:48 PM IST

 ബോട്ടുകൾ തുരുമ്പെടുത്ത് വെള്ളം കയറി താഴുന്നു

കൊല്ലം: ലോക്ക് ഡൗണിനെ തുടർന്ന് സർവീസ് നിലച്ച ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകൾ തുരുമ്പെടുത്തും പുല്ലുകൾ വളർന്നും വെള്ളം കയറിയും മുങ്ങിത്താഴുന്നു. ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡി.ടി.പി.സിയുടെ ഹൗസ് ബോട്ടുകളും നശിച്ചുതുടങ്ങി.

പരിപാലനമില്ലാത്തതുമൂലം കോടികളുടെ മുതലുകളാണ് കൊല്ലം ബോട്ട്ജെട്ടിയിൽ നശിക്കുന്നത്. ബോട്ടുകൾ ഇടയ്ക്കിടെ സ്റ്റാർട്ട് ചെയ്യുന്നതൊഴിച്ചാൽ മറ്റുപരിപാലനമൊന്നും നടക്കുന്നില്ല. ബോട്ടുജെട്ടിയിൽ നിറുത്തിയിട്ടിരിക്കുന്ന രണ്ട് യാത്രാബോട്ടുകളുടെ പിൻവശം മുക്കാൽ ഭാഗത്തോളം തുരുമ്പെടുത്തുകഴിഞ്ഞു. ഇവയുടെ വശങ്ങളിലെ തടികളിൽ പുല്ല് വളർന്നുകയറിയതും തടികൾ നശിക്കുന്നത് പരിഹരിക്കാനും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. സർവീസ് ആരംഭിക്കാൻ ഇനിയും കാത്തിരിക്കണമെന്നിരിക്കെ അപ്പോഴേക്കും ഇവ പൂർണമായും നശിക്കാനാണ് സാദ്ധ്യത.

ഒരെണ്ണം ആലപ്പുഴയിൽ

ജലഗതാഗതവകുപ്പിന്റെ ബോട്ടുകളിൽ ഒരെണ്ണം അറ്റകുറ്റപ്പണികൾക്ക് ആലപ്പുഴയിലെത്തിച്ചിട്ടുണ്ട്. കൊല്ലം- പേഴുംതുരുത്ത് സർവീസ് നടത്തുന്ന ബോട്ടാണ് കൊണ്ടുപോയത്. കൊല്ലത്ത് നിന്ന് സർവീസ് നടത്തുന്നവയിൽ വരുമാനം കൂടുതലുള്ള ബോട്ടാണിത്. തുരുമ്പെടുത്തതും അടിവശത്ത് കക്കകൾ പിടിച്ചതുമാണ് ഈ ബോട്ട് ആലപ്പുഴയിലേക്ക് കൊണ്ടുപോകാൻ കാരണം.

നേരത്തെയും വെള്ളത്തിൽ മുക്കി

ആശ്രാമം അഡ്വഞ്ചർ പാർക്കിലെ ബോട്ട് ജെട്ടിയിൽ കെട്ടിയിട്ടിരുന്ന ആഡംബരബോട്ട് സർവീസ് നടത്താത്തത് മൂലം വെള്ളം കയറി നശിച്ചിരുന്നു. ഡി.ടി.പി.സിയുടെ ഉടമസ്ഥതയിൽ ഏകദേശം 50 ലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോട്ട് പിന്നീട് ഉയർത്തി അറ്റകുറ്റപണികൾ നടത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കേവലം ഒന്നര വർഷം മാത്രമാണ് ബോട്ട് സർവീസ് നടത്തിയത്.

പരിപാലനത്തിൽ ഡി.ടി.പി.സിയും പിന്നിൽ

1. ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളും നശിക്കുന്നു

2. നാല് ഹൗസ് ബോട്ടുകൾക്കും മൂന്ന് സ്പീഡ് ബോട്ടുകൾക്കും പരിപാലനമില്ല

3. ഹൗസ് ബോട്ടുകളിൽ ഒരെണ്ണം ഭാഗികമായി മുങ്ങി

4. ഇനി അറ്റകുറ്റപ്പണികൾ നടത്താതെ സർവീസ് നടത്താനാകില്ല

ആകെ സർവീസുകൾ: 4


 കൊല്ലം- ആലപ്പുഴ
 കൊല്ലം- പേഴുംതുരുത്ത്
 കൊല്ലം- സാമ്പ്രാണിക്കോടി
 കൊല്ലം- പ്ലാവറക്കാവ്

"

പരിപാലനം നടത്തുന്നതിന് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ ദിവസവും ബോട്ടുകൾ സ്റ്റാർട്ട് ചെയ്യുന്നുണ്ട്.

നാസർ, സ്റ്റേഷൻ മാസ്റ്റർ,

ജലഗതാഗത വകുപ്പ്, കൊല്ലം

Advertisement
Advertisement