എക്സൈസ് കസ്റ്റഡി മരണം: സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുത്തു

Sunday 13 June 2021 12:28 AM IST

തൃശൂർ: പാവറട്ടിയിൽ എക്‌സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ സി.ബി.ഐ കുറ്റക്കാരെന്ന് കണ്ടെത്തി സസ്‌പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുക്കുന്നു. പ്രിവന്റീവ് ഓഫീസർമാരായ വി.എ ഉമ്മർ, എം.ജി അനൂപ് കുമാർ, വി.ബി അബ്ദുൽ ജബ്ബാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിധിൻ എം. മാധവൻ, വി.എം സ്മിബിൻ, എം.ഒ ബെന്നി, കെ.യു മഹേഷ്, ഡ്രൈവർ വി.ബി ശ്രീജിത്ത് എന്നിവരെയാണ് സർവീസിൽ തിരിച്ചെടുത്തത്.

ഉമ്മറിനെ വയനാട്ടിലേക്കും, അനൂപ് കുമാർ, അബ്ദുൽ ജബ്ബാർ എന്നിവരെ കോഴിക്കോട് ജില്ലയിലേക്കും, നിധിൻ എം. മാധവനെ മലപ്പുറത്തേക്കും സ്മിബിനെ ഇടുക്കി, ബെന്നിയെയും മഹേഷിനെയും ആലപ്പുഴയിലേക്കും ഡ്രൈവർ ശ്രീജിത്തിനെ പാലക്കാട്ടേക്കും മാറ്റി നിയമനം നൽകി. തിരിച്ചെടുക്കണമെന്ന അപേക്ഷ പരിഗണിച്ചതിനെ തുടർന്നാണ് നടപടിയെന്ന് എക്‌സൈസ് കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു.

ഈ വർഷം ഫെബ്രുവരിയിലാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. നടപടിക്രമങ്ങളിൽ വീഴ്ചവരുത്തിയ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിക്കും സി.ബി.ഐ ശുപാർശ ചെയ്തിരുന്നു. ഗുരുവായൂരിൽ രണ്ട് കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. അബ്ദുൾ ജബ്ബാർ, ഉമ്മർ, മഹേഷ്, എന്നിവർക്കെതിരെ കൊലക്കുറ്റവും അനൂപ് കുമാർ, നിധിൻ, സ്മിബിൻ, ബെന്നി എന്നിവർക്കെതിരെ അന്യായമായി തടങ്കലിൽ വെക്കൽ, വ്യാജരേഖയുണ്ടാക്കൽ എന്നിവയുമാണ് ചുമത്തിയത്. പ്രതികളെ രക്ഷിക്കാൻ ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ച എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ലിജോ ജോസിനെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്ന് സി.ബി.ഐ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.