അകലാതെ ഭീഷണി; ഗുരുതര രോഗികളുടെ എണ്ണം കുറയുന്നില്ല

Sunday 13 June 2021 12:33 AM IST

മലപ്പുറം: ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും രോഗം ഗുരുതരമായി ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവില്ല. സർക്കാർ, സ്വകാര്യ കൊവിഡ് ആശുപത്രികളിലായി അതിഗുരുതരാവസ്ഥയിൽ 116 പേർ ചികിത്സയിലുണ്ട്. ഇതിനുപുറമെ ഗുരുതര ലക്ഷണങ്ങളോട് കൂടിയ 474 പേരും സാരമായ ലക്ഷണങ്ങളോടെ കാറ്റഗറി ബി വിഭാഗത്തിൽ 428 പേരും ചികിത്സയിലുണ്ട്. ഗുരുതര രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ലാത്തത് ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ അക്ഷീണ പ്രവർത്തനങ്ങൾ തുടരുമ്പോഴും രോഗവ്യാപന തോത് പിടിച്ചുകെട്ടാനാവാത്തത് വെല്ലുവിളിയാണ്. മറ്റ് ജില്ലകളിൽ നിന്ന് വിഭിന്നമായി വീട്ടകങ്ങളാണ് ജില്ലയിലെ കൊവിഡ് വ്യാപന കേന്ദ്രങ്ങൾ. യുവാക്കളിലൂടെ പ്രായമായവർക്കും ആരോഗ്യ പ്രശ്നങ്ങളുള്ളവ‌ർക്കും രോഗം പകരുന്നു. അതിഗുരുതരാവസ്ഥയിലുള്ള 116 രോഗികളിൽ 74 പേർ സ്വകാര്യ ആശുപത്രികളിലും 42 പേർ സർക്കാർ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള 474 രോഗികളിൽ 317 പേർ സർക്കാർ ആശുപത്രികളിലും 158 പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലുണ്ട്. രോഗികളിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് മഞ്ചേരി മെഡിക്കൽ കോളേജിലാണ്. 302 പേർ.

ഐ.സി.യു, വെന്റിലേറ്ററുകൾ നിറഞ്ഞ്
ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ 148 വെന്റിലേറ്ററുകളിൽ 10 ഒഴിവ് മാത്രമാണുള്ളത്. ആറ് ഒഴിവുകൾ സർക്കാർ ആശുപത്രികളിലും നാല് ഒഴിവ് സ്വകാര്യ ആശുപത്രികളിലുമാണ്. 331 ഐ.സിയുകളിൽ 91 ഇടത്താണ് ഒഴിവുള്ളത്. സർക്കാർ ആശുപത്രികളിലെ 19 ഒഴിവുകളിൽ 15ഉം മഞ്ചേരി മെഡിക്കൽ കോളേജിലാണ്. ഗുരുതര രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ലാത്തതാണ് ജില്ലയിൽ ഐ.സി.യു, വെന്റിലേറ്ററുകളുടെ ആവശ്യകത കൂട്ടുന്നത്.

ബെഡുകളിൽ ഒഴിവ്
സർക്കാർ, സ്വകാര്യ മേഖലകളിലെ 83 കൊവിഡ് ആശുപത്രികളിലായി 3,029 ബെഡുകളാണുള്ളത്. ഇന്നലെ വൈകിട്ട് വരെ 2,066 ബെഡുകളിൽ ഒഴിവുണ്ട്. അതായത് 68 ശതമാനം. സർക്കാർ ആശുപത്രികളിൽ 1,067 ബെഡുകളിൽ 742 ഒഴിവുകളും. മഞ്ചേരി മെഡിക്കൽ കോളേജിലെ 484 ബെഡുകളിൽ 300 എണ്ണത്തിലും ഒഴിവുണ്ട്. സർക്കാർ ഏറ്റെടുത്ത മൂലക്കൽ ദയ ആശുപത്രിയിൽ 178 ബെഡുകളിൽ 166 ഇടത്തും ഒഴിവുണ്ട്. നിലമ്പൂർ ജില്ല ആശുപത്രിയിലെ 60 ബെഡുകളിൽ 38 ഇടത്ത് ഒഴിവുണ്ട്. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ 43 ബെഡുകളിൽ 32 ഒഴിവുമുണ്ട്. തിരൂർ ജില്ല ആശുപത്രിയിൽ 62 ബെഡിൽ 24 ഒഴിവാണുള്ളത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ 176 ബെഡുകളിൽ 128ഉം ഒഴിഞ്ഞു കിടക്കുന്നു. രണ്ടാഴ്ച മുമ്പ് വരെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ രോഗികളാൽ നിറഞ്ഞ അവസ്ഥയായിരുന്നു. മികച്ച ചികിത്സയും പരിചരണവും രോഗമുക്തി നേടുന്നവരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചു. നിലവിൽ പ്രതിദിന രോഗികളുടെ നാലിരട്ടി വരെയാണ് രോഗമുക്തരുടെ എണ്ണം.

Advertisement
Advertisement