ലോക്കായി നഗരം

Sunday 13 June 2021 12:45 AM IST
ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി പെരുമഴയിലും കൊല്ലം നഗരത്തിൽ വാഹന പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ

412 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു

കൊല്ലം: സൂചികുത്താനിടമില്ലാത്ത വിധം കഴിഞ്ഞ ദിവസം തിരക്കേറിയ നഗരത്തിൽ ഇന്നലെ കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ പൂർണ നിശബ്ദതയാണ് പ്രതിഫലിച്ചത്. ആവശ്യവസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ തുറന്നെങ്കിലും തിരക്ക് അനുഭവപ്പെട്ടില്ല. അവശ്യ യാത്രകൾക്കല്ലാതെ പുറത്തിറങ്ങിയവരെ പൊലീസ് മടക്കി അയച്ചു. കൃത്യമായ കാരണങ്ങൾ ബോധിപ്പിക്കാൻ കഴിയാതിരുന്ന 412 വാഹനങ്ങൾ സിറ്റി പൊലീസ് പിടിച്ചെടുത്തു.

ഹോട്ടലുകളിൽ ഹോം ഡെലിവറി

നഗരത്തിൽ ചിലയിടങ്ങളിൽ ഹോട്ടലുകളും മറ്റും തുറന്ന് പ്രവർത്തിച്ചങ്കിലും പാഴ്‌സലുകൾ മാത്രമായി ഒതുങ്ങി. ഓർഡർ അനുസരിച്ച് ഭക്ഷണം എത്തിച്ചുനൽകുന്ന 'ഹോം ഡെലിവറിക്കാണ് അനുമതിയുണ്ടായിരുന്നതെങ്കിലും ചിലയിടങ്ങളിൽ അല്ലാതെയും പാഴ്‌സൽ വിതരണം നടത്തി.

ക്വാറന്റൈൻ ലംഘനവും

ലോക്ക് ഡൗണിന്റെ മറവിൽ ക്വാറന്റൈൻ ലംഘനം നടത്തിയവരെയും പൊലീസ് പിടികൂടി. പൊലീസ് നിരീക്ഷണം ഉണ്ടാകില്ലെന്ന ധാരണയിലാണ് ഇവർ പുറത്തിറങ്ങിയത്. ഇത്തരത്തിൽ സമ്പർക്കവിലക്ക് പാലിക്കാതെ അനാവശ്യമായി കറങ്ങിനടന്ന എട്ട് പേർക്കെതിരെ പകർച്ചാവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു.

" നിയന്ത്രണങ്ങളുമായി ബഹുഭൂരിപക്ഷം പേരും സഹകരിക്കുന്നുണ്ടെങ്കിലും ചിലർ അനാവശ്യയാത്രകൾ നടത്തുന്നുണ്ട്. ഇവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും"

ടി. നാരായണൻ, സിറ്റി പൊലീസ് കമ്മിഷണർ

കേസുകൾ: 49
അറസ്റ്റിലായവർ: 91
പകർച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം അറസ്റ്റ്: 8
മാസ്ക് ധരിക്കാതിരുന്നവർ : 747
സാമൂഹിക അകലം പാലിക്കാതിരുന്നത്: 810
പിടിച്ചെടുത്ത വാഹനങ്ങൾ: 412
അടപ്പിച്ച കടകൾ: 32

Advertisement
Advertisement