ആ സംഭവം ഉണ്ടായതോടെ നാല് ജോഡി വസ്ത്രങ്ങളുമായി കാമുകന്റെ വീട്ടിലെത്തി, ആരുമില്ലാത്തൊരു ഉച്ചനേരത്ത് കാവിലെത്തി റഹ്മാൻ താലി  ചാർത്തിയെന്ന് സജിത

Sunday 13 June 2021 9:00 AM IST

പാലക്കാട്: പത്ത് വർഷം അയൽക്കാരിയായ പ്രണയിനിയെ ആരുമറിയാതെ വീട്ടിൽ ഒളിപ്പിച്ച സംഭവം ഞെട്ടലോടെയാണ് ഏവരും കേട്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ഉയരുന്നുണ്ട്. മൂന്ന് മുറിയുള്ള തന്റെ വീട്ടിൽ തന്നെയാണ് സജിതയെ താമസിപ്പിച്ചതെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് റഹ്മാൻ. എന്നാൽ വീട്ടിൽ ആരെയും ഒളിപ്പിച്ചിട്ടില്ലെന്നും, അങ്ങനെയുണ്ടായിരുന്നെങ്കിൽ തങ്ങൾ അറിയുമായിരുന്നുവെന്നുമാണ് ഇയാളുടെ മാതാപിതാക്കൾ പറയുന്നത്.

ഇപ്പോഴിതാ താൻ വീട് വിട്ടിറങ്ങാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സജിത. ചേച്ചിയുടെ വിവാഹം ഉറപ്പിച്ചതിനു പിന്നാലെ തനിക്കും ആലോചനകൾ വന്നുതുടങ്ങി. വീട്ടിൽ തുടരാനാകില്ലെന്നും ബോദ്ധ്യമായതോടെയാണ് 2010 ഫെബ്രുവരി 2ന് രാത്രി നാല് ജോഡി വസ്ത്രങ്ങളുമെടുത്ത് റഹ്മാന്റെ വീട്ടുമുറ്റത്തെത്തിയത്. ആരുമറിയാതെ റഹ്മാൻ അകത്തു കയറ്റിയെന്ന് സജിത പറയുന്നു.

തനിക്ക് 18 വയസ് തികഞ്ഞപ്പോൾ നെല്ലിക്കുളങ്ങരക്കാവിൽ ചെന്ന് ഒരു താലി പൂജിച്ചു വാങ്ങിയെന്നും യുവതി പറയുന്നു. 2009 മേയ് 10ന് ആരുമില്ലാത്തൊരു ഉച്ചനേരത്ത് അതേ കാവിലെത്തി റഹ്മാൻ കഴുത്തിൽ താലി ചാർത്തി

അതേസമയം തന്നെ വീട്ടുകാർ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയതിനെപ്പറ്റി റഹ്മാനും മനസുതുറന്നു. തൻറെ പെരുമാറ്റം വിചിത്രമായി തോന്നിയ വീട്ടുകാർ, സജിത കൈവിഷം നൽകിയതുകൊണ്ടാണു മാറ്റങ്ങളുണ്ടായതെന്നു കരുതി. ഒറ്റപ്പാലത്തിനടുത്തൊരു ഉൾഗ്രാമത്തിലുള്ള മന്ത്രവാദിയുടെ അടുത്തെത്തിച്ചു. അയാൾ ചില പച്ചമരുന്നുകൾ നൽകി. രാവിലെ ഈ മരുന്നുകളും കുറച്ച് പഞ്ചസാരയും കഴിച്ചാൽ കൈവിഷം പുറത്തുവരുമെന്നായിരുന്നു അയാളുടെ വാദം. ദിവസങ്ങളോളം ഭക്ഷണം നൽകിയില്ല, മരുന്ന് മാത്രം. ഈ ദിവസങ്ങളിൽ സജിതയും പട്ടിണിയായി. പ്രതികരിച്ചു തുടങ്ങിയതോടെ തന്നെ മാനസികരോഗിയാക്കിയെന്നും ഒരു ദിവസത്തേക്കു മാനസിക രോഗാശുപത്രിയിലാക്കിയെന്നും യുവാവ് പറയുന്നു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമിതാക്കൾ.

സംഭവം അവിശ്വസനീയമാണെന്നും, മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും വനിതാ കമ്മിഷൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വനിതാ കമ്മിഷൻ ഉടൻ സജിതയെ നേരിൽ കണ്ട് മൊഴിയെടുത്തേക്കും. പരാതിയില്ലെന്ന് യുവതി പറഞ്ഞതായി സ്ഥലം എം എൽ എ നേരത്തെ പ്രതികരിച്ചിരുന്നു.

Advertisement
Advertisement