കൊളളയടിക്ക് കൂട്ടൂനിന്നവരെയെല്ലാം പുറത്തുകൊണ്ടുവരും; റവന്യൂ വകുപ്പ് പ്രതിക്കൂട്ടിലല്ലെന്ന് കെ രാജൻ

Sunday 13 June 2021 10:52 AM IST

തിരുവനന്തപുരം: വിവാദ മരം മുറി ഉത്തരവില്‍ റവന്യൂ വകുപ്പ് പ്രതിക്കൂട്ടിലല്ലെന്ന് മന്ത്രി കെ രാജന്‍. കര്‍ഷകര്‍ക്കുവേണ്ടി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. സമഗ്രമായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. കൊള്ളയടിക്ക് കൂട്ടൂനിന്നവരെയെല്ലാം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടയഭൂമിയിലെ മരംമുറിക്കണമെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിക്കും. കൊള്ള നടത്താതിരിക്കാന്‍ പഴുതുകളടക്കും. വനം, റവന്യൂ വകുപ്പുകള്‍ തമ്മില്‍ ഭിന്നതയില്ല. മരംമുറിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന വിഷയങ്ങളില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്തമാണ് ഉളളതെന്നും മന്ത്രി വ്യക്തമാക്കി.

സി പി ഐ ഇക്കാര്യം ചര്‍ച്ച ചെയ്‌തിട്ടില്ല. പാര്‍ട്ടി നിലപാട് താന്‍ വിശദീകരിക്കില്ല. അത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരിക്കും. വിവാദം നിയമസഭയിലെത്തിയപ്പോള്‍ തന്നെ വയനാട് ജില്ലാ കളക്‌ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. വനസമ്പത്തിന് നഷ്‌ടമൊന്നും സംഭവിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. മരംകൊളളയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.