വഴിയാധാരമായി 'വഴിയോര ജീവിതം"

Monday 14 June 2021 12:51 AM IST

പാലക്കാട്: കാലവർഷപ്പെയ്ത്തിനിടെ ചുടുകണ്ണീർ വീണ് പൊള്ളുകയാണ് വഴിയോര ജീവിതങ്ങൾ. കുടുംബത്തെ ഒരു കരയ്ക്കെത്തിക്കാൻ വഴിയോര വില്പന കേന്ദ്രങ്ങളിലൂടെ അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തിയവരാണ് വഴിയോര കച്ചവടക്കാർ. പഴങ്ങളും പച്ചക്കറികളും പലഹാരങ്ങളും തുണിത്തരങ്ങളും ചെരിപ്പുകളും തുടങ്ങി പലവിധ സാധനങ്ങൾ കൂകിവിളിച്ച് വിറ്റിരുന്നവർ ഇന്ന് മുഴുപട്ടിണിയിലാണ്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ തൊഴിൽ നഷ്ടമായവരിൽ ചിലരെങ്കിലും ചെറുവാഹനങ്ങളിലും മറ്റുമായി വീടുകളിലേക്കെത്തി ഇപ്പോഴും ജീവിക്കാനുള്ള വക കണ്ടെത്തുന്നുണ്ട്. പക്ഷേ, രണ്ടാം ലോക് ഡൗൺ ഒരു മാസം പിന്നിടുമ്പോൾ മേഖലയിലെ ഭൂരിഭാഗം പേരും ദുരിതത്തിൽ നിന്ന് കരയറാതെ പെരുവഴിയിലാണ്.

ജില്ലയിൽ 5000ത്തോളം വഴിയോര കച്ചവടക്കാരുണ്ടെന്നാണ് കണക്ക്. നഗര പരിധിയിൽ മാത്രം 1500ലധികം ആളുകൾ വഴിയോര കച്ചവടം നടത്തുന്നുണ്ട്. ഒന്നാം ലോക് ഡൗണിൽ ജോലി നഷ്ടമായവരും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസികളും താത്കാലിക ആശ്വാസമായി ഈ മേഖല തിരഞ്ഞെടുത്തിരുന്നു. അവരെ കൂടി ഉൾപ്പെടുത്തിയാൽ എണ്ണം വർദ്ധിക്കും.

ഇളവിലും രക്ഷയില്ല

അവശ്യ സാധന വില്പനയ്ക്കുള്ള അനുമതി ഉപയോഗിച്ച് പഴങ്ങളും പച്ചക്കറികളും വിൽക്കുന്നവരുണ്ട്. ബാക്കിയുള്ളവർക്ക് ഇളവ് ലഭിക്കുമ്പോൾ പോലും തൊഴിലെടുക്കാനാകാത്ത അവസ്ഥയാണ്. സാധനങ്ങളുമായി വെയിലും മഴയുമേറ്റ് കാത്തിരുന്നാലും നഗരപരിധിയിലെ തിരക്കേറിയ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചവർക്ക് പോലും കച്ചവടമില്ല. മുടക്കുമുതലിന് മുകളിലേക്ക് കടം കയറുന്ന അവസ്ഥയാണ്. താൽക്കാലികമായി പോലും തൊഴിൽ കണ്ടെത്താൻ കഴിയാതെ കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ്. പാലക്കാട് നഗരത്തിൽ കച്ചവടത്തിനെത്തുന്നവരിൽ വലിയൊരു ഭാഗവും ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരാണ്. പൊതുഗതാഗതം നിലച്ചതോടെ ഇളവ് ലഭിച്ചിട്ടും വരാനാകാത്ത സ്ഥിതിയുണ്ട്. ഹോട്ടലുകൾക്ക് തുറക്കാൻ അനുവാദമുള്ളപ്പോഴും വഴിയോര കച്ചവട വിഭാഗത്തിൽ വരുന്ന തട്ടുകടകൾക്ക് താഴുവീണു കിടക്കുകയാണ്. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രതിസന്ധി പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

സഹായം ലഭിക്കാനും താമസം

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ പോലും ലഭിക്കാൻ നടപടിയില്ല. കൊവിഡ് കാരണം ഓഫീസുകൾ പ്രവർത്തിക്കുന്നില്ലെന്ന മറുപടിയാണ് യൂണിയൻ നേതാക്കൾക്ക് ലഭിക്കുന്നത്. യൂണിയനുകൾ ഇടപെട്ട് ചിലയിടങ്ങളിൽ ഭക്ഷ്യക്കിറ്റ് വിതരണമൊക്കെ നടത്തിയെങ്കിലും ആവശ്യമായവർക്കെല്ലാം എത്തിക്കാൻ കഴിഞ്ഞില്ല. മറ്റു വ്യാപാര സ്ഥാപനങ്ങൾക്ക് ഇളവ് അനുവദിക്കുന്നതിന് അനുസൃതമായി വഴിയോര കച്ചവടക്കാർക്കും കൊവിഡ് മാനദണ്ഡം പാലിച്ച് തൊഴിലെടുക്കുന്നതിന് അനുമതി നൽകണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.

Advertisement
Advertisement