വടക്കഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി ജില്ലാ വർക്ക്‌ ഷോപ്പ് വരുന്നു

Monday 14 June 2021 12:18 AM IST

വടക്കഞ്ചേരി: ജില്ലയിലെ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വടക്കഞ്ചേരി സബ് ഡിപ്പോയിൽ എല്ലാവിധ അറ്റകുറ്റപ്പണികൾക്കും ഉതകുംവിധം ജില്ലാ വർക്ക്‌ ഷോപ്പ് വരുന്നു. ഇതിന്റെ ഭാഗമായി നിലവിൽ സബ് ഡിപ്പോയായ വടക്കഞ്ചേരിയെ ഡിപ്പോയായി ഉയർത്തും.

വർക്ക്‌ ഷോപ്പ്, ബസ് ടെർമിനൽ നിർമ്മാണം എന്നിവയ്ക്കായി ബഡ്ജറ്റിൽ 25 കോടി വകയിരുത്തിയിട്ടുണ്ട്. ഇതുവഴി ബസിനുണ്ടാകുന്ന പ്രധാന തകരാർ പരിഹരിക്കുന്നതിന് എടപ്പാളിലെ റീജിയണൽ വർക്ക്‌ ഷോപ്പിലേക്ക് പോകേണ്ട സാഹചര്യം പൂർണമായി ഒഴിവാകും. കെട്ടിട നിർമ്മാണം കാലതാമസമില്ലാതെ നടത്താൻ മുൻകൈയെടുക്കുമെന്ന് പ്രാഥമിക നടപടിയുടെ ഭാഗമായി സ്ഥലം സന്ദർശിച്ച പി.പി.സുമോദ് എം.എൽ.എ അറിയിച്ചു. കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ, ജനറൽ മാനേജർ സന്തോഷ് തുടങ്ങിയവരും സ്ഥലം പരിശോധിച്ചു.

പ്രധാന നേട്ടങ്ങൾ
വർക്ക്‌ ഷോപ്പിൽ 40 മുതൽ 50 ബസ് വരെ തകരാർ പരിഹരിച്ച് പൂർണ സജ്ജമായിട്ടുണ്ടാകും. സർവീസ് നടത്തുന്ന ഏതെങ്കിലും ബസിന് തകരാർ സംഭവിച്ചാൽ പകരം ബസ് ഉടൻ അയയ്ക്കും. സർവീസ് മുടക്കം പൂർണമായും ഒഴിവാകും. കൂടുതൽ സർവീസ് തുടങ്ങാനുമാകും. പ്രധാന ജോലികളെല്ലാം ജില്ലാ വർക്ക്‌ ഷോപ്പിലേക്ക് മാറുന്നതോടെ നിലവിൽ ഡിപ്പോയിലെ വർക്ക്‌ ഷോപ്പിൽ നടക്കുന്ന ബസിന്റെ പരിശോധനയും സംരക്ഷണവും കൂടുതൽ കാര്യക്ഷമമാകും. ചെലവ് ഗണ്യമായി കുറയും.

Advertisement
Advertisement