ജനങ്ങൾക്ക് ഗുണനിലവാരമുള്ള കലർപ്പില്ലാത്ത പെട്രോളിയം ഉല്പനങ്ങൾ, വരുമാനം വർദ്ധിപ്പിക്കും; കെ എസ് ആർ ടി സിയുടെ പെട്രോൾ പമ്പുകൾ വരുന്നു

Sunday 13 June 2021 10:09 PM IST

പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള കലർപ്പില്ലാത്ത പെട്രോളിയം ഉല്പനങ്ങൾ നൽകുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനുമായി കെ എസ് ആർ ടി സി സംസ്ഥാനത്തുടനീളം പെട്രോൾ-ഡീസൽ പമ്പുകൾ തുടങ്ങുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 67 പമ്പുകളാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത്.

കെ എസ് ആർ ടി സി യുടെ നിലവിലുള്ള ഡീസൽ പമ്പുകൾക്ക് ഒപ്പം പെട്രോൾ യൂണിറ്റു കൂടി ചേർത്താണ് പമ്പുകൾ തുടങ്ങുന്നത്. ഡീലർ കമ്മീഷനും സ്ഥല വാടകയും ഉൾപ്പടെ ഉയർന്ന വരുമാനമാണ് ഇങ്ങനെ പ്രതീക്ഷിക്കുന്നത്. ഇത് കെ എസ് ആർ ടി സി യെ നിലവിലുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായിക്കും.

ഈ പദ്ധതിയിലെ ആദ്യത്തെ എട്ട് പമ്പുകൾ നൂറു ദിവസത്തിനകം തുടങ്ങും, ഇതിനുള്ള അനുമതി ലഭിച്ചു. ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളിൽ പമ്പുകൾ തുടങ്ങുന്നത്.

മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകളും തുടങ്ങും. കെ എസ് ആർ ടി സി ക്ക് ഇതിനായി സാമ്പത്തിക ബാദ്ധ്യത ഇല്ല, മുഴുവൻ ചെലവും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ് മുടക്കുന്നത്.

Advertisement
Advertisement