'ഇത് നേരത്തെ നടത്തിയ പേപ്പട്ടി ഷോ'; രമ്യാ ഹരിദാസിനെ പരിഹസിച്ച് പിജെ ആർമി

Sunday 13 June 2021 10:52 PM IST

തിരുവനന്തപുരം: ആലത്തൂർ എം.പി രമ്യ ഹരിദാസിനെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തി എന്ന വാർത്തകൾക്ക് പിന്നാലെ പരിഹാസവുമായി പി.ജെ ആർമി. 'ഇത് നേരത്തെ നടത്തിയ പേപ്പട്ടി ഷോ' എന്ന തലക്കെട്ടിൽ രമ്യ ഹരിദാസ് കാലിൽ പ്ലാസ്റ്റർ ഇട്ട് വീൽചെയറിൽ ഇരിക്കുന്ന ചിത്രമാണ് ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. സി.പി.എം മുൻ കണ്ണൂർ‌ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പേരിൽ പ്രചാരണം നടത്തുന്ന ഇടത് അനുകൂല സൈബർ കൂട്ടായ്മയാണ് പി.ജെ ആർമി.

ഞായറാഴ്ച ഉച്ചക്ക് ശേഷം ആലത്തൂര്‍ പൊലീസ് സ്‌റ്റേഷന് സമീപത്ത് വച്ചായിരുന്നു രമ്യയെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. ആലത്തൂരിലൂടെ വാഹനത്തിൽ പോകുകയായിരുന്ന രമ്യ പൊലീസ് സ്‌റ്റേഷന് സമീപത്തുവച്ച് ഹരിതകർമ്മസേനാ പ്രവര്‍ത്തകരുമായി സംസാരിച്ചതിനുശേഷം വാഹനത്തിലേക്ക് കയറുന്ന സമയത്താണ് ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ ഉൾപ്പെടെയുള്ള സി.പി.എമ്മുകാർ തന്നെ തടയാനെത്തിയത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും തന്നോട് മോശമായി സംസാരിച്ചെന്നും എം.പി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് എട്ടോളം പേർക്കെതിരെ രമ്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.