ഇംഗ്ളണ്ടിന് വിജയം

Sunday 13 June 2021 11:49 PM IST

വിജയത്തിലേക്ക് സ്റ്റിയറിംഗ് പിടിച്ച് സ്റ്റെർലിംഗ്

ലണ്ടൻ : യൂറോകപ്പ് ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ കഴിഞ്ഞ ലോകകപ്പിലെ റണ്ണർ അപ്പുകളായ ക്രൊയേഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഇംഗ്ളണ്ട്. തുടക്കം മുതൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച സ്ട്രൈക്കർ റഹിം സ്റ്റെർലിംഗിന്റെ തകർപ്പൻ ഗോളിനാണ് ലൂക്കാ മൊഡ്രിച്ചിനെയും കൂട്ടരെയും ഇംഗ്ളീഷുകാർ കെട്ടുകെട്ടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 57-ാം മിനിട്ടിലായിരുന്നു ക്രോട്ടുകളെ ഞെട്ടിച്ച സ്റ്റെർലിംഗിന്റെ ഗോൾ.

തങ്ങളുടെ ചരിത്രവേദിയായ വെംബ്ളിയിൽ ഇതേവരെ ഒരു മേജർ ടൂർണമെന്റിലെ മത്സരത്തിലും തോറ്റിട്ടില്ലെന്ന ചരിത്രത്തോട് ഇംഗ്ളണ്ട് പൂർണമായും നീതിപുലർത്തിയ മത്സരത്തിൽ ആതിഥേയരുടെ ആക്രമണ വീര്യത്തോട് മുട്ടിനിൽക്കാൻ ക്രൊയേഷ്യക്കാർക്ക് കഴിഞ്ഞതുമില്ല. ആദ്യ പകുതിയൽതന്നെ നിരവധി അവസരങ്ങളാണ് ഇംഗ്ളണ്ട് സൃഷ്ടിച്ചത്. സ്റ്റെർലിംഗും ഫിൽ ഫോഡനും ഹാരി കെയ്നും ചേർന്ന് പല തവണ ക്രൊയേഷ്യക്കാരെ വിറപ്പിച്ചെങ്കിലും സ്കോർ ബോർഡിന് ചലനമില്ലാതെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതി തുടങ്ങി അധികം വൈകും മുമ്പ് വലകുലുങ്ങിയതോടെ ഇംഗ്ളണ്ട് ആഘോഷത്തിലായി.

ഗോൾ ഇങ്ങനെ

1-0

57-ാം മിനിട്ട്

സ്റ്റെർലിംഗ്

രണ്ടു പേരെ വെട്ടിച്ച് പന്തുമായി ഓടിക്കയറിയ ഫിലിപ്പ്സ് മദ്ധ്യഭാഗത്തുകൂടി മുന്നോട്ടോടിയ സ്റ്റെർലിംഗിനെ ലാക്കാക്കി പന്തു നീട്ടി ക്രോസ് ചെയ്യുന്നു.സ്റ്റെർലിംഗിന്റെ ഫസ്റ്റ്ടൈം ഷോട്ട് ക്രൊയേഷ്യൻ ഗോളി ലിവകോവിച്ചിനെ നിസഹായനാക്കി വലയിലേക്ക് കയറുന്നു.

ഇതാദ്യമായാണ് ഒരു മേജർ ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഇംഗ്ളണ്ട് ജയിക്കുന്നതും ക്രൊയേഷ്യ തോൽക്കുന്നതും.

19

ഇംഗ്ളണ്ടിനായി കളിച്ച കഴിഞ്ഞ 17 മത്സരങ്ങളിൽ റഹിം സ്റ്റെർലിംഗ് 19 ഗോളുകളിൽ പങ്കാളിയായി.13 ഗോളുകൾ സ്കോർ ചെയ്തു.ആറെണ്ണം അസിസ്റ്റ് ചെയ്തു.

Advertisement
Advertisement