ഐസിസിൽ ചേർന്ന യുവതികളുടെ മടക്കം : പൗരത്വം നിഷേധിക്കാനാവില്ല
കേന്ദ്രസർക്കാർ നീക്കം ജാഗ്രതയോടെ
ന്യൂഡൽഹി : ഭീകരസംഘടനയായ ഐസിസിൽ (ഇസ്ലാമിക് സ്റ്റേറ്റ്) ഭർത്താക്കന്മാർക്കൊപ്പം ചേർന്ന നാല് മലയാളി യുവതികളെ സ്വീകരിക്കാൻ കേന്ദ്രസർക്കാരിന് നിയമപരമായ സങ്കീർണതകൾ നിരവധി.
ഇക്കാര്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാനാവില്ല. ഏത് ഗുരുതര കുറ്റം ചെയ്ത ഇന്ത്യൻ പൗരനെയെയും മറ്റൊരു രാജ്യം മടക്കി അയയ്ക്കാൻ സന്നദ്ധത അറിയിച്ചാൽ ഇന്ത്യയ്‌ക്ക് നിഷേധിക്കാനാവില്ല. ജന്മനാ ഉള്ള പൗരത്വം നിഷേധിക്കാൻ നിയമപരമായി തടസമുള്ളതിനാലാണിത്. ഐസിസിൽ ചേർന്ന യുവതികളുടെ കാര്യത്തിലും ഇതാണ് പ്രശ്നം. കേന്ദ്രം തീരുമാനമെടുക്കുന്നത് വരെ ഇക്കാര്യം നിയമപരമായി ചോദ്യം ചെയ്യാനുമാകില്ല. സ്വീകരിക്കില്ലെന്ന് കേന്ദ്രനിലപാട് ഔദ്യോഗികമായി പുറത്തുവന്നാൽ അതിനെ നിയമപരമായി ചോദ്യം ചെയ്യാനും യുവതികളുടെ വീട്ടുകാർക്ക് കേസിൽ കക്ഷിചേരാനും കഴിയും.
പതിമ്മൂന്ന് രാജ്യങ്ങളിലെ 408 പേരാണ് അഫ്ഗാൻ ജയിലുകളിലുള്ളത്. അതിനാൽ ഇതൊരു അന്താരാഷ്ട്ര പ്രശ്നം കൂടിയാണ്. മറ്റു രാജ്യങ്ങൾ എന്ത് നിലപാടെടുക്കുന്നുവെന്നതും കേന്ദ്രം ഉറ്റുനോക്കുകയാണ്. ജയിലിലുള്ള ബ്രിട്ടീഷ് യുവതിയുടെ പൗരത്വം ബ്രിട്ടൻ നിയമപ്രകാരം റദ്ദാക്കിയതും മുന്നിലുണ്ട്.
2016 - 18ൽ ഐഎസിൽ ചേർന്ന സോണിയ സെബാസ്‌റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളി യുവതികളാണ് കാബൂളിൽ ജയിലിൽ കഴിയുന്നത്. ഇവരുടെ ഭർത്താക്കന്മാർ അഫ്ഗാനിൽ അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടതോടെ 2019 ഡിസംബറിൽ ഇവർ അഫ്ഗാൻ പൊലീസിന് കീഴടങ്ങിയത്.
ഇവരെ രാജ്യത്തേക്ക് എത്തിക്കുന്നുണ്ടെങ്കിലും ഇന്റർപോൾ വഴിയാണ് നടപടികൾ നീങ്ങേണ്ടത്.