കമോൺ എറിക്സൺ, കളി ഇനിയും ബാക്കിയാണ്...

Monday 14 June 2021 12:08 AM IST

കോപ്പൻ ഹേഗൻ : കഴിഞ്ഞ രാത്രി ഫുട്ബാൾ ആരാധകരെ മുഴുവൻ പ്രാർത്ഥനയിലാഴ്ത്തി കളിക്കളത്തിൽ കുഴഞ്ഞുവീണ ഡെന്മാർക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്‌സൺ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നു. കൃത്യസമയത്ത് പ്രാഥമിക ശുശ്രൂഷ ലഭിച്ച എറികസ്ണ് ആശുപത്രിയിലെത്തും മുമ്പേ ശ്വാസവും ബോധവും തിരികെ ലഭിച്ചിരുന്നു. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണെങ്കിലും കൂടുതൽ പരിശോധനകൾ വേണ്ടതിനാൽ ആശുപത്രിയിൽ തുടരുകയാണെന്ന് ഡെന്മാർക്ക് ടീം വൃത്തങ്ങൾ അറിയിച്ചു.

കായേറെ വാഴ്ത്തി ലോകം

അപകട ഘട്ടത്തിൽ ധീരമായ നേതൃത്വത്തിലൂടെ എറിക്സണെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിൽ പ്രധാന പങ്ക് ഡെന്മാർക്ക് ക്യാപ്ടൻ സിമോൺ കായേർക്കായിരുന്നു.ഒരു ത്രോ സ്വീകരിക്കാൻ ഒരുങ്ങുകയായിരുന്ന എറിക്‌സൺ സകലരെയും ഞെട്ടിച്ചുകൊണ്ട് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണപ്പോൾ ആദ്യം ഓടിയെത്തിയത് ക്യാപ്ടനാണ്. ഉടനെ എറിക്‌സന്റെ കഴുത്ത് നേരെ പിടിച്ചുയർത്തി ശ്വാസതടസം വരാതിരിക്കാനും നാക്ക് വിഴുങ്ങാതിരിക്കാനും ശ്രദ്ധിച്ചു. ഒട്ടും വൈകാതെ ഹൃദയസ്തംഭനം ഒഴിവാക്കാനായി സി.പി.ആർ കൊടുത്തു. പ്രാഥമിക ചികിത്സയുടെ രംഗങ്ങൾ ക്യാമറയിൽ പതിയായിരിക്കാനായി കാണാതിരിക്കാൻ സഹതാരങ്ങളോട് എറിക്‌സന് ചുറ്റും ഒരു മതിലായി അണിനിരക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

മെഡിക്കൽ സംഘം ഗ്രൗണ്ടിൽ ഓടിയെത്തുമ്പൊഴേയ്ക്കും എറിക്‌സണെ വലിയൊരു അപകടത്തിൽ നിന്ന് കരകയറ്റിക്കഴിഞ്ഞിരുന്നു ക്യാപ്ടൻ. ഗ്രൗണ്ടിലേക്ക് പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിവന്ന എറിക്സണിന്റെ ഭാര്യയെ ആശ്വസിപ്പിക്കാനെത്തിയതും കായേറായിരുന്നു. താത്കാലികമായി നിറുത്തിവച്ച മത്സരം പുനരാരംഭിച്ചപ്പോൾ മാനസികമായി തളർന്നുപോയ ഡെന്മാർക്കിന് ജയം സമ്മാനിക്കാൻ കഴിഞ്ഞില്ല. എന്നാൽ, മരണമുഖത്തെ പോരാട്ടത്തിൽ നിന്ന് എറിക്‌സണെ കരകയറ്റിയ നായകനെ റിയൽ ഹീറോ എന്നാണ് ഫുട്‌ബാൾ ലോകം ഒറ്റസ്വരത്തിൽ വാഴ്ത്തിയത്.

ഗാലറിയിൽ നിന്ന് എതിരാളികളായ ഫിൻലൻഡിന്റെ ആരാധകർ നൽകിയ അവരുടെ ദേശീയ പതാക കൊണ്ട് മറച്ചാണ് എറിക്സണിനെ ആശുപത്രിയിലേക്ക് മാറ്റിയത്. വാശിക്കും വൈരാഗ്യത്തിനുമപ്പുറത്ത് ഫുട്ബാളിലൂടെ മനുഷ്യർ ഒന്നായി മാറുന്ന കാഴ്ചയായിരുന്നു അത്.

Advertisement
Advertisement